തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അനുകൂല ഫലം പ്രവചിച്ച് വിവിധ എക്സിറ്റ് പോളുകൾ. ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആറ് മണിക്ക് അവസാനിച്ചതിന് പിന്നാലെയാണ് രാജ്യവ്യാപകമായി വിവിധ ഏജൻസികളും മാധ്യമസ്ഥാപനങ്ങളും ചേർന്ന് നടത്തിയ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നത്.
ഇതുവരെ പുറത്തു വന്ന ഏഴ് എക്സിറ്റ് പോളുകളും കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും എന്നാണ് പ്രവചിക്കുന്നത്. 2016-ലും 2021-ലും കേരളത്തിലെ ഫലം ഏതാണ്ട് കൃത്യമായി പ്രവചിച്ച ആക്സിസ് മൈ ഇന്ത്യ ഇക്കുറി 78 മുതൽ 90 സീറ്റുകൾ വരെ നേടി യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തും എന്നാണ് പ്രവചിക്കുന്നത്. 49 മുതൽ 62 വരെ സീറ്റുകൾ എൽഡിഎഫിനും ബിജെപിക്ക് പൂജ്യം മുതൽ മൂന്ന് വരെ സീറ്റുകളും ആക്സിസ് മൈ ഇന്ത്യ സർവ്വേ പ്രവചിക്കുന്നുണ്ട്.
മറ്റു സർവേകൾ 70 മുതൽ 80 സീറ്റുകൾ യുഡിഎഫിനും 60 മുതൽ എഴുപത് വരെ സീറ്റുകൾ എൽഡിഎഫിനും പ്രവചിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നൂറ് സീറ്റ് നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് പറഞ്ഞെങ്കിലും എക്സിറ്റ് പോളുകൾ ഒന്നും അത്തരമൊരു യുഡിഎഫ് സുനാമി പ്രവചിക്കുന്നില്ല. അതേസമയം 50 – 60 സീറ്റുകൾ വരെ എല്ലാ സർവ്വേകളും എൽഡിഎഫിന് പ്രവചിക്കുന്നു.


