ദുബായ്: വ്യക്തികളുടെ മരണാനന്തര നടപടികളും തുടർ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാനായി ഏകീകൃത പ്ലാറ്റ്ഫോം അവതരിപ്പിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി. മരണം സൃഷ്ടിക്കുന്ന ആഘാതത്തിനിടെ മരണപ്പെട്ട വ്യക്തിയുടെ ഉറ്റവർക്ക് സങ്കീർണമായ നടപടികൾക്ക് പിറകേ പോകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജബ്‍ർ പ്ലാറ്റ്ഫോം അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്.
ജബ്ർ സംവിധാനത്തിന് കീഴിൽ, കുടുംബങ്ങൾക്ക് ഇനി വ്യക്തികളുടെ മരണത്തിന് ശേഷമുള്ള പേപ്പർവർക്കുകൾ പൂർത്തിയാക്കാൻ വ്യത്യസ്ത സർക്കാർ വകുപ്പുകൾ സന്ദർശിക്കേണ്ടതില്ല. പകരം, രേഖകൾ നൽകൽ, ശവസംസ്കാരം അല്ലെങ്കിൽ സ്വദേശത്തേക്ക് കൊണ്ടുപോകൽ ക്രമീകരിക്കൽ, എല്ലാ പ്രസക്തമായ അധികാരികളുമായും ഏകോപിപ്പിക്കൽ തുടങ്ങിയ എല്ലാം ഒരു സമർപ്പിത സർക്കാർ സേവന ഉദ്യോഗസ്ഥൻ കൈകാര്യം ചെയ്യും. സ്വദേശികൾക്കും ദുബായിലെ പ്രവാസികൾക്കും ജബ്‍ർ ആപ്പ് ഒരു പോലെ ഗുണകരമാവുമെന്നാണ് കരുതപ്പെടുന്നത്.
മരണാനന്തരം ബന്ധുക്കളോ ഉറ്റവരോ രേഖകളും മറ്റുമായി പല സർക്കാർ ഓഫീസുകൾ കയറി ഇറങ്ങേണ്ട സാഹചര്യം ഇതോടെ ഇല്ലാതാവും. ഒരു സർക്കാർ ഉദ്യോഗസ്ഥൻ നേരിട്ട് എല്ലാ നടപടി ക്രമങ്ങളും ഏകോപിപ്പിക്കും. സർക്കാർ – സ്വകാര്യ ആശുപത്രിയിൽ മരണം സ്ഥിരീകരിക്കുമ്പോൾ തന്നെ ജബ്രർ ആപ്പിൽ ഇക്കാര്യം എൻട്രി ചെയ്യപ്പെടും. ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേക്കും ഈ വിവരം കൈമാറും. നടപടികളുടെ പുരോഗതിയും മറ്റു വിവരങ്ങളും ബന്ധുക്കൾക്ക് എളുപ്പത്തിൽ അറിയാൻ സാധിക്കും.
പുതിയ സംവിധാനത്തിന് കീഴിൽ മരണ സർട്ടിഫിക്കറ്റ് എല്ലാ പ്രസക്തമായ സ്ഥാപനങ്ങൾക്കും സ്വയമേവ വിതരണം ചെയ്യപ്പെടും. ഇതോടെ മരണസർട്ടിഫിക്കറ്റുമായി പിന്നീട് പല ഓഫീസുകൾ കയറി ഇറങ്ങേണ്ടി വരില്ല. എമിറാത്തി കുടുംബങ്ങളിലാണ് മരണം സംഭവിച്ചതെങ്കിൽ മരണാനന്തര ചടങ്ങുകളിലും ഉറ്റവർക്ക് കൗൺസിലിംഗ് നൽകുവാനും പുതിയ സംവിധാനത്തിൽ നടപടികളുണ്ടാവും.




