വയനാട്: കോഴിക്കോട് നിന്നും ചുരം ഒഴിവാക്കി അതിവേഗം വയനാട്ടിൽ എത്തിക്കാൻ സഹായിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമ്മാണത്തിൻ്റെ ഭാഗമായുള്ള മല തുരക്കൽ അടുത്ത ആഴ്ച ആരംഭിക്കും. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി (Stage-II Clearance) ലഭിച്ചതിന് പിന്നാലെയാണ് തുരക്കൽ നടപടികളിലേക്ക് കടക്കുന്നത്. തുരങ്ക നിർമ്മാണത്തിന് ആവശ്യമായ യന്ത്രങ്ങളെല്ലാം ഇതിനോടകം എത്തിച്ചു കഴിഞ്ഞു.
8.73 കിലോമീറ്റർ നീളമുള്ള ഇരട്ട തുരങ്കമാണ് കള്ളാടിയിൽ വരുന്നത്. ഇതിനായി കോഴിക്കോട് മറിപ്പുഴയിൽ നിന്നും വയനാട് മേപ്പാടിയിൽ നിന്നും ഒരേസമയം ഖനനം നടക്കും. കൊങ്കൺ റെയിൽവേയുടെ മേൽനോട്ടത്തിൽ ദിലീപ് ബിൽഡ്‌കോൺ കമ്പനിയാണ് നിർമ്മാണം നടത്തുന്നത്. കിഫ്ബി ഫണ്ട് ചെയ്യുന്ന തുരങ്കപ്പാതയ്ക്ക് 2135 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
തുരങ്കപ്പാത യഥാർത്ഥ്യമാക്കുന്നതോടെ കോഴിക്കോട് – വയനാട് പാതയിൽ 24 മണിക്കൂറും സുഗമമായ യാത്ര സാധ്യമാകും. കോഴിക്കോട് – വയനാട് പാതയിലെ യാത്രാസമയം പകുതിയായി കുറയും. നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലുള്ള അത്യാധുനിക നിർമ്മാണ രീതിയാണ് ഇതിനായി ഉപയോഗിക്കുന്നത്




