ഉയർന്ന ജീവിത നിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിലൂടെ ലോകമെമ്പാടുമുള്ള പ്രവാസികളുടെ പ്രിയപ്പെട്ട രാജ്യമായി മാറിയിരിക്കുകയാണ് യുഎഇ. തൊഴിലാളികളേയും നിക്ഷേപകരേയും വിനോദസഞ്ചാരികളേയും ഒരു പോലെ ആകർഷിക്കുന്ന യുഎഇയിൽ താമസിക്കാനും ജോലി ചെയ്യാനും വിദേശികൾക്ക് ഏറെ ഇഷ്ടവുമാണ്. ഇതിനായി പ്രവാസികൾക്ക് എൻട്രി പെർമിറ്റുകളും താമസ വിസകളും രാജ്യം നൽകുന്നുണ്ട്.
വിസ പരിഷ്കരണങ്ങളുടെ ഭാഗമായി പുതിയ വിസകൾ യുഎഇ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതിൽ നിന്നും വ്യത്യസ്ഥമാണ് എൻട്രി പെർമിറ്റും താമസ വിസയും. എന്നാൽ ഇവ രണ്ടും രണ്ടാണ്. ഇവയുടെ പ്രത്യേകതകളും വ്യത്യാസങ്ങളും നോക്കാം.
എന്താണ് എൻട്രി പെർമിറ്റ്?
യുഎഇയുടെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി നൽകുന്ന ഒരു രേഖയാണ് എൻട്രി പെർമിറ്റ്. ഇത് വിദേശികളെ ഒരു നിശ്ചിത കാലയളവിലേക്ക് നിയമപരമായി യുഎഇയിൽ പ്രവേശിക്കാനും താമസിക്കാനും അനുവദിക്കുന്നു. യുഎഇയിലെ വിമാനത്താവളങ്ങളിൽ എത്തുമ്പോൾ തന്നെ വിസ ലഭിക്കുമെന്നതിനാൽ ചില രാജ്യത്തുള്ളവർക്ക് എൻട്രി പെർമിറ്റ് ആവശ്യമില്ല.
വിവിധ തരം എൻട്രി പെർമിറ്റുകൾ:
തൊഴിൽ, കുടുംബ സന്ദർശനം, വിനോദസഞ്ചാരം/ഗതാഗതം, വൈദ്യചികിത്സ, മാനുഷിക ദൗത്യം, സമ്മേളനങ്ങളിൽ പങ്കെടുക്കൽ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി വിവിധ തരത്തിലുള്ള എൻട്രി പെർമിറ്റുകൾ ഉണ്ട്. ഓരോ പ്രവേശന പെർമിറ്റിനും താമസിക്കുന്ന കാലയളവ് പ്രവേശന പെർമിറ്റിന്റെ തരം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.
ട്രാൻസിറ്റിനുള്ള എൻട്രി പെർമിറ്റുകൾ വ്യക്തിയെ നാല് ദിവസത്തേക്ക് രാജ്യത്ത് തുടരാൻ അനുവദിക്കുന്നു. അതേസമയം ജോലിക്കുള്ള എൻട്രി പെർമിറ്റുകൾ ജീവനക്കാരനെ രണ്ട് മാസത്തേക്ക് രാജ്യത്ത് തുടരാൻ അനുവദിക്കുന്നു. ഈ സമയത്ത് സ്പോൺസർ ജീവനക്കാരന്റെ സ്റ്റാറ്റസ് റസിഡൻസ് വിസയിലേക്ക് മാറ്റണം. അല്ലാത്തപക്ഷം താമസിക്കുന്ന കാലയളവിനുള്ളിൽ പോകേണ്ടിവരും. എൻട്രി പെർമിറ്റ് ഹോൾഡർ തന്റെ സ്റ്റാറ്റസ് റസിഡൻസ് വിസയായി മാറ്റിയില്ലെങ്കിൽ പിഴ നൽകേണ്ടി വരും.
2018 ഒക്‌ടോബർ 21 മുതൽ എല്ലാത്തരം സന്ദർശന വിസകളും എൻട്രി പെർമിറ്റുകളും 30 ദിവസത്തേക്ക് രണ്ടുതവണ നീട്ടാവുന്നതാണ്. പുതുക്കിയ ശേഷം രാജ്യം വിടേണ്ട ആവശ്യമില്ല. എന്നാൽ ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഇത് ബാധകമല്ല.
റസിഡൻസ് വിസ
പ്രവേശന പെർമിറ്റ് ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കുമ്പോഴാണ് റസിഡൻസ് വിസ നൽകുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് സന്ദർശിക്കുന്ന സ്പോൺസർമാർക്ക് മാത്രമേ വിദേശിയുടെ താമസ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയൂ. റസിഡൻസ് വിസയ്ക്ക് സ്പോൺസർ ചെയ്യുന്ന വ്യക്തി മെഡിക്കൽ ടെസ്റ്റിന് വിധേയനാകുകയും ആരോഗ്യവാനാണെന്ന് തെളിയിക്കുകയും വേണം. കൂടാതെ സുരക്ഷാ പരിശോധനയിൽ വിജയിക്കുകയും വേണം. റസിഡൻസ് വിസയുടെ സാധുത അതിന്റെ തരവും സ്പോൺസറും അനുസരിച്ച് വ്യത്യാസപ്പെടുന്നു. ഇതിന് മൂന്ന് വർഷം വരെ കാലാവധിയുണ്ടാവും.