ബെംഗളൂരു: ആഭ്യന്തരമന്ത്രിയുടെ ചുമതലയുള്ള ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം വിളിച്ചു കൂട്ടിയ ആദ്യ യോഗത്തിൽ തന്നെ കർണാടക പൊലീസിന് താക്കീതുമായി ഡി.കെ ശിവകുമാർ. മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡികെ ശിവകുമാർ കർശന നിലപാട് എടുത്തത്.
കർണാടക പൊലീസിനെ കാവിവത്കരിക്കാനാണോ നിങ്ങളുടെ ഉദേശം? ഈ സർക്കാരിന് കീഴിൽ അങ്ങനെ ഒരു കാര്യം നടക്കുമെന്ന് കരുതേണ്ട. മുൻ സർക്കാരിൻ്റെ കാലത്ത് കാവി ഷാൾ ധരിച്ചു ഡ്യൂട്ടിക്കെത്തിയ ചിലർ ഈ ഡിപ്പാർട്ട്മെൻ്റിനെ അപമാനിച്ചിരുന്നു. മംഗലാപുരത്തും, ബിജാപൂരിലും ബാഗൽക്കോട്ടിലും അത്തരം സംഭവങ്ങളുണ്ടായി. നാടിനോട് സ്നേഹം കാണിക്കാനാണെങ്കിൽ ദേശീയപതാകയണിഞ്ഞ് സ്റ്റേഷനിൽ വരണമായിരുന്നു. ഈ രീതിയിലുള്ള കാവിവത്കരണം ഇനി ഞങ്ങൾ അനുവദിക്കില്ല.
രാജ്യത്ത് തന്നെ ഏറ്റവും പേരുകേട്ട പൊലീസ് സേനയായിരുന്നു കർണാടകയുടേത്. നിങ്ങളെല്ലാം കൂടി ആ സൽപ്പേര് നശിപ്പിച്ചു. എവിടെ നോക്കിയാലും അഴിമതിയാണിപ്പോൾ… ഈ സർക്കാരിന് കീഴിൽ വലിയ മാറ്റം കർണാടകക്കാർ പ്രതീക്ഷിക്കുന്നുണ്ട്. അതു തുടങ്ങേണ്ടത് പൊലീസിൽ നിന്നാണ്. മാറ്റത്തിൻ്റെ സന്ദേശം സാധാരണക്കാരിൽ എത്തണം. കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെടുത്ത പണി ഇനി ഇവിടെ വേണ്ട… നിങ്ങൾ മാറണം.. നിങ്ങളുടെ ഇടപെടലും മാറണം…
സാദാചാര പൊലീസിംഗിനെതിരെ കർശന നിരീക്ഷണം വേണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗത്തിൽ പറഞ്ഞു. ഹിന്ദുവോ മുസ്ലീമോ ആരോ ആവട്ടെ സാദാചാര പൊലീസ് കളിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണം – സിദ്ധരാമയ്യ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.