വേറിട്ട രീതിയിൽ ജന്മദിനം ആഘോഷിച്ച് ഷാർജയിലെ പ്രവാസി കുടുംബം. മലയാളി യുവതിയുടെ ജന്മദിനത്തിൽ ആശംസകളുമായി ബന്ധുമിത്രങ്ങൾ മാത്രമായിരുന്നില്ല എത്തിയിരുന്നത്. ആഘോഷത്തിന് മാറ്റുകൂട്ടാനെത്തിയത് ഡെലിവറി ബോയിമാർ ആയിരുന്നു. ജന്മദിനാഘോഷങ്ങൾക്കായി ഓർഡർ ചെയ്ത ഭക്ഷണവുമായി എത്തിയ ഡെലിവറി ബോയിക്ക് അതേ ഭക്ഷണത്തോടൊപ്പം സമ്മാനവും നൽകിയാണ് ഈ പ്രവാസി കുടുംബം വ്യത്യത്ഥമായി പിറന്നാൾ ആഘോഷിച്ചത്.
യുഎഇ യിലെ പ്രമുഖ ബിസിനസ്സ് സംരംഭകയും കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശിനിയുമായ ഹസീന നിഷാദിന്റെ ജന്മദിനമാണ് വ്യത്യസ്ഥമായ ആഘോഷങ്ങളിലൂടെ ശ്രദ്ധേയമായിരിക്കുന്നത്. ഡെലിവറി ബോയിമാര്‍ക്ക് സർപ്രൈസ് നൽകാനുള്ള ആശയം മക്കളായ ഷിനാസ്, ഹംദാൻ, ഹനാൻ, ഹെസ്‌ലിൻ എന്നിവരുടേയും ഭർത്താവ് നിഷാദ് ഹുസൈന്റേയുമായിരുന്നു. രാപകലോളം അധ്വാനിക്കുന്ന വിഭാഗങ്ങൾക്കൊപ്പം സന്തോഷം പങ്കിടണമെന്ന ഹസീനയുടെ ആഗ്രഹമാണ് മക്കളും ഭർത്താവും ചേർന്ന് സഫലമാക്കിയത്.
റോഡിലെ തടസ്സം നീക്കിയതിന് ദുബായ് രാജകുമാരൻ ഹംദാൻ പാക്കിസ്ഥാൻ സ്വദേശി അബ്ദുൽ ഗഫൂർ എന്ന ഡെലിവറി ബോയിയെ നേരിൽകണ്ട് അഭിനന്ദിച്ച പ്രവൃത്തിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡെലിവറി ബോയ്സിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹം കുട്ടികളിലുണ്ടായത്. “ഇന്ന് ഞങ്ങളുടെ അമ്മയുടെ പിറന്നാളാണ്, ആ സന്തോഷം നിങ്ങളുമായി പങ്കുവെയ്ക്കുന്നു” എന്നെഴുതിയ മനോഹരമായ സമ്മാനപ്പൊതികൾ അവർ ഡെലിവറി ബോയ്സിന് കൈമാറി.
കൈയിലുള്ള സമ്മാനപ്പൊതി നൽകിയ ശേഷം നിങ്ങൾ കൊണ്ടുവന്ന ഭക്ഷണം നിങ്ങൾക്ക് തന്നെയുള്ളതാണെന്ന് പറഞ്ഞപ്പോൾ ഡെലിവറി ബോയിമാരുടെ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞിരുന്നു. സമ്മാനം നിറകണ്ണുകളോടെ ഏറ്റുവാങ്ങി ഉമ്മയ്ക്ക് ജന്മദിനാശംസകളും നേർന്ന് കുട്ടികൾക്ക് നന്ദിയും പറഞ്ഞാണ് അവർ മടങ്ങിയത്.