താനൂരില്‍ ബോട്ടപകടത്തില്‍ മരിച്ച സിവില്‍ പൊലീസ് ഓഫീസര്‍ സബറുദ്ധീന്‍ ബോട്ടില്‍ കയറിയത് മയക്കുമരുന്ന് പ്രതിയെ തേടിയെന്ന് സ്ഥിരീകരണം. പ്രതിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തൂവല്‍ തീരത്തായിരുന്നു. പ്രതി ബോട്ടില്‍ കയറിയേക്കാം എന്ന സംശയത്തില്‍ സബറുദ്ധീനും ബോട്ടില്‍ കയറുകയായിരുന്നു.
മഫ്തിയില്‍ ആയിരുന്ന സബറുദ്ധീന്‍ ബോട്ടില്‍ താഴെയും മുകളിലുമായി പ്രതിയ്ക്കായി പരിശോധന നടത്തുകയും ചെയ്തിരുന്നു. താനൂര്‍ ഡിവൈഎസ്പിയും ഇക്കാര്യം സ്ഥിരീകരിച്ചു. മലപ്പുറം എസ്പിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗമായിരുന്നു സബറുദ്ധീന്‍.
താനൂര്‍ ബോട്ട് അപകടത്തില്‍ 22 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മരിച്ച 9 പേര്‍ പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഈ കുടുംബത്തിന്റെ ബന്ധുക്കളായ രണ്ട് പേരും മറ്റൊരു കുടുംബത്തിലെ നാല് പേരും അപകടത്തില്‍ മരിച്ചു.
അപകടത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.