വന്ദേ ഭാരതിന് മലപ്പുറത്ത് സ്റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധം ശക്തം. വന്ദേഭാരത്, രാജധാനി എക്‌സ്പ്രസ് ഉള്‍പ്പെടെ, 13 ട്രെയിനുകള്‍ക്ക് മലപ്പുറത്ത് സ്റ്റോപ്പില്ലെന്ന് കെ ടി ജലീല്‍ എംഎല്‍എ രംഗത്തെത്തി. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
45 ലക്ഷം പേരാണ് മലപ്പുറത്തുള്ളത്. അവരോട് എന്തിനാണ് റെയില്‍വേയ്ക്കും കേന്ദ്ര സര്‍ക്കാരിനും അവഗണന. മലപ്പുറത്തുകാരെന്താ കടലാസിന്റെ ആളുകളോ എന്നും അദ്ദേഹം ചോദിച്ചു.
കേന്ദ്രസര്‍ക്കാറിന്റെയും ഇന്ത്യന്‍ റെയില്‍വേയുടെയും ക്രൂരമായ അവഗണനക്കെതിരെ ജില്ലയില്‍ ശക്തമായ പ്രതിഷേധമുയരണം. മലപ്പുറം പൊന്നാനി എം.പിമാര്‍ കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് തുറന്ന് പറയണം. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് എന്തെങ്കിലും പരിമിതികള്‍ അവര്‍ക്കുണ്ടെങ്കില്‍ വ്യക്തമാക്കണം. മലപ്പുറം ജില്ലയിലൂടെ കടന്ന് പോകുന്ന താഴെ പറയുന്ന 14 ട്രൈനുകള്‍ക്ക് തിരൂര്‍ ഉള്‍പ്പടെ ജില്ലയിലെ ഒരു സ്റ്റേഷനിലും സ്റ്റോപ്പില്ല. ഇത്രമാത്രം അവഗണിക്കപ്പെടാന്‍ മലപ്പുറം ജില്ലക്കാര്‍ എന്ത് തെറ്റ് ചെയ്തുവെന്നും ജലീല്‍ ചോദിച്ചു.
ജില്ലയില്‍ സ്‌റ്റോപ്പില്ലാത്ത 13 ട്രെയിനുകളുടെ പേരുകളും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ നല്‍കിയിട്ടുണ്ട്.
അതേസമയം വന്ദേ ഭാരത് ട്രെയിനില്‍ തിരൂരിനെ ഒഴിവാക്കിയത് മലപ്പുറത്തെ ജനങ്ങളോടുള്ള വിവേചനമാണെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എം.പിയും പറഞ്ഞു. സിപിഐഎം ഇന്ന് വൈകീട്ട് തിരൂരില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തുന്നുണ്ട്.
തിരൂര്‍ സ്റ്റേഷനില്‍ മുസ്ലീം യൂത്ത് ലീഗ് പ്രതിഷേധിച്ചു. വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ് വേണം എന്ന് ആവശ്യപ്പേട്ടുകൊണ്ടാണ് യൂത്ത് ലീഗിന്റെ പ്രതിഷേധം. തിരൂര്‍ എംഎല്‍എയാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്.
ആദ്യ പരീക്ഷണ ഓട്ടത്തില്‍ തിരൂരില്‍ വന്ദേഭാരതിന് സ്‌റ്റോപ്പുണ്ടായിരുന്നു. രണ്ടാമത്തെ തവണ നിര്‍ത്തിയിരുന്നില്ല. മലപ്പുറത്തെ പ്രധാന സ്റ്റോപ്പ് ആണ് തിരൂര്‍.