തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശം. പ്രധാനപ്പെട്ട വികസന പദ്ധതികളെല്ലാം അടുത്ത രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി നിർദേശിച്ചു. യുദ്ധകാലടിസ്ഥാനത്തിൽ പദ്ധതികൾ തീർക്കാൻ മന്ത്രിമാർ നേരിട്ട് ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന കണക്കുകൂട്ടലിലാണ് മുഖ്യമന്ത്രിയുടെ നിർദേശം എന്നാണ് സൂചന.
തദ്ദേശതെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായെങ്കിലും ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക എന്ന നിലപാടിലാണ് മുഖ്യമന്ത്രി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിലെ പ്രധാന പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കണം എന്ന നിർദേശമാണ് മുഖ്യമന്ത്രി നൽകുന്നത്.
നിലവിലെ നിയമസഭയുടെ കാലാവധി മെയിലാണ് അവസാനിക്കുന്നത്. മെയ് മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ചയിൽ പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്യണം. കേരളത്തോടൊപ്പം തമിഴ്നാട്ടിലും ബംഗാളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഇവിടുത്തെ സാഹചര്യങ്ങൾ കൂടി പരിഗണിച്ചാവും കേരളത്തിൽ തെരഞ്ഞെടുപ്പ്. ബംഗാളിൽ പല ഘട്ടങ്ങളിലായിട്ടാണ് സാധാരണ തെരഞ്ഞെടുപ്പ് നടത്താറ്. അതിനാൽ തന്നെ മാർച്ചിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മാത്രമേ ഒരു മാസമെങ്കിലും പ്രചാരണം നടത്തി ഏപ്രിൽ പകുതി മുതൽ മേയ് പകുതിക്കുള്ളിൽ വോട്ടെടുപ്പ് നടത്തി മെയ് രണ്ടാം വാരത്തോടെ ഫലപ്രഖ്യാപനം നടത്താനാവൂ.




