ഇസ്രയേൽ – പലസ്തീൻ സംഘർഷം മുറുകുന്നതിൽ ആശങ്ക അറിയിച്ചും സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിച്ചും ചൈന. സംഘർഷം കനക്കുന്നതിൽ ചൈന അതീവ ഉത്കണ്ഠാകുലരാണെന്നും എത്രയും വേഗം സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിന് ഇരു വിഭാഗവും തയ്യാറാവണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ് തിങ്കളാഴ്ച പറഞ്ഞു.
മേഖലയിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ ക്രിയാത്മകമായ പങ്ക് വഹിക്കാൻ ചൈന തയ്യാറാണന്നും സമാധാന ചർച്ചകൾക്ക് വേദിയൊരുക്കാൻ തയ്യാറാണെന്നും ഇസ്രായേൽ, പലസ്തീൻ വിദേശകാര്യമന്ത്രിമാരുമായി വിദേശകാര്യ മന്ത്രി ക്വിൻ ഗാങ് ഇക്കാര്യം സംസാരിച്ചെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
തിങ്കളാഴ്ചത്തെ സംഭാഷണത്തിൽ, പലസ്തീൻ ചൈനയുടെ പങ്കാളി രാജ്യമാണെന്ന് മിസ്റ്റർ ക്വിൻ ഊന്നിപ്പറഞ്ഞു, കഴിഞ്ഞ വർഷം റിയാദിൽ നടന്ന അറബ്-ചൈനീസ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും പ്രസിഡന്റ് മഹ്മൂദ് അബ്ബാസും തമ്മിൽ കൂടിക്കാഴ്ച ചർച്ച നടത്തിയിരുന്നു. ഐക്യരാഷ്ട്രസഭയിൽ പലസ്തീന്റെ പൂർണ അംഗത്വത്തെ ചൈന പിന്തുണയ്ക്കുകയും സ്വതന്ത്രവും സമ്പൂർണ പരമാധികാരമുള്ള ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നതായി പലസ്തീൻ വാർത്താ ഏജൻസി വഫ റിപ്പോർട്ട് ചെയ്തു.
അതേസമയം ചൈനയും പലസ്തീനും തമ്മിലുള്ള നയതന്ത്രബന്ധത്തിൻ്റെ 35-ാം വാർഷികം പ്രമാണിച്ച് പലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽ മാലികി ചൈനീസ് വിദേശകാര്യമന്ത്രിയെ രാജ്യത്തേയ്ക്ക് സന്ദർശിച്ചു. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ജൂണിൽ ചൈന സന്ദർശിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ചൈനീസ് വിദേശകാര്യമന്ത്രിക്ക് പലസ്തീനിലേക്ക് ക്ഷണം ലഭിച്ചത്. സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെയും അൽ മാലിക്കി പ്രശംസിച്ചു.
ഷിയാ പുരോഹിതൻ നിമർ അൽ നിമറിനെ റിയാദിൽ വധിച്ചതിനെതിരായ പ്രതിഷേധത്തിനിടെ തെഹ്‌റാനിലെ എംബസിയും വടക്കുപടിഞ്ഞാറൻ നഗരമായ മഷാദിലെ കോൺസുലേറ്റും ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് 2016 ൽ സൗദി അറേബ്യ ഇറാനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു. ചൈനയുടെ മധ്യസ്ഥതയിൽ നടന്ന സന്ധിസംഭാഷണങ്ങൾക്ക് ഒടുവിൽ മാർച്ചിൽ ഇരുരാജ്യങ്ങളും നയതന്ത്രബന്ധം പുനസ്ഥാപിക്കാനുള്ള കരാറിൽ ഒപ്പിട്ടിരുന്നു.