വിജയനഗര: കർണാടകയിൽ കുഴൽക്കിണറിൽ വീണ ഒന്നര വയസ്സുകാരിയെ 20 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്തി. വിജയനഗരയ്ക്ക് അടുത്തുള്ള ലച്ചായൻ ഗ്രാമത്തിലെ 16 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് ഇന്നലെ കുട്ടി വീണത്. തുടർന്ന് ബുധനാഴ്ച വൈകുന്നേരം 6.30 ഓടെയാണ് രക്ഷാപ്രവർത്തനം ആരംഭിച്ചു.
വീടിന് സമീപം കളിക്കാൻ പോയ കുട്ടി കുഴൽക്കിണറിൽ വീഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കുട്ടി തലകറങ്ങി വീണതാണെന്നാണ് കരുതുന്നത്. കുട്ടിയുടെ കരച്ചിൽ കേട്ട് ആരോ ഉടൻ വീട്ടുകാരെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. എക്‌സ്‌കവേറ്റർ ഉപയോഗിച്ച് കുഴൽക്കിണറിന് സമാന്തരമായി 21 അടി താഴ്ചയുള്ള കുഴിയെടുത്താണ് അധികൃതർ കുട്ടിയെ പുറത്തെടുത്തത്.
കുട്ടിയെ പുറത്തേക്കെടുത്തപ്പോൾ തന്നെ ഓക്സിജൻ സൗകര്യമുള്ള ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. കുത്തിവയ്പ്പുകൾ ഉൾപ്പെടെയുള്ള അടിയന്തര പ്രഥമ ശുശ്രൂഷാ മരുന്ന് തയ്യാറാക്കി വച്ചിട്ടുണ്ട്. കുട്ടിയെ രക്ഷപ്പെടുത്തിയ ഉടൻ തന്നെ ഇൻഡിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ കുഴിയിൽ വീണപ്പോൾ മുതൽ കുഞ്ഞിന് ബോധം നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രതയിലായിരുന്നു രക്ഷാപ്രവർത്തകർ.അമ്മയെ കൊണ്ട് സംസാരിപ്പിച്ച് കുഞ്ഞ് പ്രതികരിക്കുന്നുവെന്ന് ഉറപ്പാക്കാൻ രക്ഷാപ്രവർത്തകർ ശ്രമിച്ചിരുന്നു.