വി സി വിഷയത്തിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവർണർ സംഘപരിവാറിന്റെ ചട്ടുകമായി മാറിയിരിക്കുകയാണെന്നും ഇല്ലാത്ത അധികാരം പ്രയോഗിക്കാമെന്ന് കരുതരുതേണ്ടന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
ഗവർണർ നടത്തുന്നത് നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ്. നിയമവും നീതിയും നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാനപരമായ തത്വങ്ങളെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ മറക്കുകയാണ്. ഭരണഘടനാ വിരുദ്ധമായ നിലപാടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും ഉണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനാധിപത്യത്തിന്റെ അന്തസ്സത്തയെ നിരാകരിക്കുകയാണ് ഗവര്‍ണര്‍. ജനാധിപത്യപരമായി തരിഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെയും അക്കാദമികമായി സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട സര്‍വകലാശാലകളുടെയും അവകാശങ്ങളെ ഇല്ലാതാക്കാനാണ് ശ്രമം. ഈ രീതിയിലുള്ള അമിതാധികാര പ്രവണത അംഗീകരിച്ചു കൊടുക്കാനാകില്ല.
ഗവര്‍ണര്‍ പദവിയെന്നത് സര്‍ക്കാറിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല. ഭരണഘടന, നിയമം, കീഴ്‌വഴക്കങ്ങള്‍ എന്നിവക്കെല്ലാം വിരുദ്ധമായ നടപടികളുണ്ടായാല്‍ ശക്തമായ പ്രതികരണങ്ങളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം രാജിവയ്ക്കണമെന്ന ഗവർണറുടെ അന്ത്യശാസനം 11.30ന് തീരാനിരിക്കെ വൈസ് ചാൻസലർമാർ ആരും തന്നെ ഇതുവരെ രാജിക്കത്ത് നൽകിയിട്ടില്ല . ഗവർണർക്കെതിരെ നിയമപരമായി നീങ്ങാനാണ് 9 വിസിമാരുടേയും തീരുമാനം. സർക്കാർ കക്ഷിയല്ലാത്തതിനാൽ ഇവർ സ്വന്തം നിലയിൽ ആകും കോടതിയെ സമീപിക്കുക. നിയമ വിദഗ്ധരുമായി ഇവർ കൂടിക്കാഴ്ച നടത്തും