ബോർഡർ ഗവാസ്ക്കർ ട്രോഫിക്കായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കെതിരായി 0-2 എന്ന നിലയിലാണ് ഓസ്ട്രേലിയ. പരിക്കിന്‍റെ പിടിയിലായിരുന്ന ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ഫിറ്റ്‌നസ് വീണ്ടെടുത്തുവെന്ന ഓസ്ട്രേലിയൻ ആരാധകർക്ക് ആശ്വാസമായ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഗ്രീന്‍ കളിക്കളത്തിലിറങ്ങും.
ഗ്രീനിന്‍റെ അഭാവം ഓസ്‌ട്രേലിയയുടെ കഴിഞ്ഞ മത്സരങ്ങളില്‍ വലിയ തോതിൽ പ്രകടമായിരുന്നു. മത്സരത്തിന് 100 ശതമാനം തയ്യാറാണെന്ന് താരം തന്നെ വ്യക്തമാക്കി. ഗ്രീനിന്‍റെ കൈവിരലിന് പരിക്കേറ്റത് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിനിടെയാണ്.
അതേസമയം നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഇന്‍ഡോര്‍ ടെസ്റ്റിന് എത്തില്ല. ഇതിനൊപ്പം മറ്റ് മൂന്ന് താരങ്ങളും നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. പേസര്‍ ജോഷ് ഹേസല്‍വുഡ്, ഡേവിഡ് വാര്‍ണർ, ആഷ്‌ടണ്‍ അഗർ എന്നിവരാണ് നാട്ടിലേക്ക് പോയത്. പാറ്റ് കമ്മിന്‍സിന് പകരം സ്റ്റീവ് സ്‌മിത്താകും ഓസ്ട്രേലിയന്‍ ടീമിനെ നയിക്കുക. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച് ഇന്ത്യ പരമ്പരയില്‍ 2-0ന് മുന്നിലാണ്. മാര്‍ച്ച് ഒന്ന് മുതല്‍ ഇന്‍ഡോറിലാണ് മൂന്നാം ടെസ്റ്റ്.