ഘാനയിലെ നിർദ്ധനരായ സ്കൂൾ വിദ്യാർത്ഥികൾക്കായി ക്ലാസ് മുറി നിർമിക്കുന്നതിനായി ഷാർജയിലെ അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി സന്നദ്ധപ്രവർത്തകർ 25,000 ദിർഹം സമാഹരിച്ചു. ധനസമാഹരണം നടത്തി നിർമിക്കുന്ന ക്ലാസ്റൂമിന് ‘AUS സ്റ്റുഡന്റ് ക്ലാസ്റൂം’ എന്ന പേര് നൽകണമെന്നാണ് വിദ്യാർത്ഥികളുടെ ആഗ്രഹം. ഷാർജ ചാരിറ്റി ഇന്റർനാഷണലും (എസ്‌സിഐ) എയുഎസ് കമ്മ്യൂണിറ്റി സർവീസസും സഹകരിച്ചാണ് ധനസമാഹരണ പ്രവർത്തനങ്ങൾ നടത്തിയത്.
ഇത്തരമൊരു വലിയ ദൗത്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് AUS കമ്മ്യൂണിറ്റി സർവീസ് ആൻഡ് ഔട്ട്‌റീച്ച് കോർഡിനേറ്റർ അമവി എൽ ഖലീഫ പറഞ്ഞു. ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികളുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റമുണ്ടാക്കണമെന്ന ആഗ്രഹം മൂലമാണ് താൻ കാംപെയിന്‍റെ ഭാഗമായതെന്ന് യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയും വോളന്റിയറുമായ ശിവ ദുർഗ അദ്ദുരി പറഞ്ഞു.
ഏതൊരു വിദ്യാർത്ഥിയുടെയും ശോഭനമായ ഭാവിയിലേക്കുള്ള ആദ്യപടിയാണ് സൗകര്യങ്ങളുള്ള ക്ലാസ് മുറിയിലിരുന്ന് പഠിക്കുക എന്നത്. അർഹരായ വിദ്യാർത്ഥികൾക്ക് അതിനുള്ള സൗകര്യമൊരുക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും ശിവ ദുർഗ കൂട്ടിച്ചേർത്തു വരുംവർഷങ്ങളിൽ ഇത്തരം പദ്ധതികൾ രാജ്യന്തരതലത്തിൽ കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്