ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ എന്ന റെക്കോര്‍ഡ് ഇനി ബോബിയ്ക്ക് സ്വന്തം. 30 വയസാണ് ബോബിയുടെ പ്രായം. ഏറ്റവും പ്രായം കൂടിയ നായയായി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ആണ് ബോബിയെ പ്രഖ്യാപിച്ചത്. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായ എന്ന റെക്കോർഡ് കൂടാതെ എക്കാലത്തെയും പ്രായം കൂടിയ നായയെന്ന റെക്കോഡും ബോബി സ്വന്തമാക്കിയിട്ടുണ്ട്.
റഫീറോ ഡോ അലന്റേജോ ഇനത്തില്‍ പെട്ട നായയാണ് ബോബി.ഏകദേശം 12 മുതല്‍ 14 വര്‍ഷം വരെയാണ് ഈ ഇനത്തിൽ പെട്ട നായകളുടെ ആയുസ്സ്.1992 മെയ് 11 നാണ് ബോബി ജനിച്ചത്. പോര്‍ച്ചുഗലിലെ ലെരിയയിലെ കോണ്‍ക്വീറോസിലെ കോസ്റ്റ കുടുംബത്തോടൊപ്പമാണ് ബോബിയുടെ താമസം. അതേസമയം 29 വര്‍ഷവും 5 മാസവും ജീവിച്ചിരുന്ന ഓസ്ട്രേലിയന്‍ കാറ്റില്‍ നായയായ ബ്ലൂയിയുടെ (1910-1939) നൂറ്റാണ്ടോളം പഴക്കമുള്ള റെക്കോര്‍ഡാണ് ബോബി ഇപ്പോൾ തകര്‍ത്തിരിക്കുന്നത്.
ജീവിച്ചിരിക്കുന്നതില്‍ വച്ച് ഏറ്റവും പ്രായം കൂടിയ നായയാണ് ബോബി. സ്വതന്ത്രമായ നടത്തം, മനുഷ്യരുടെ ഭക്ഷണം, മറ്റ് മൃഗങ്ങളുമായുളള ഇടപഴകല്‍ എന്നിവയാണ് ബോബിയുടെ ദീര്‍ഘായുസിന്റെ രഹസ്യം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ബോബിയുടെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.