അപകടത്തില്‍ പരിക്കേറ്റ നടനും ഹാസ്യ കലാകാരനുമായി ബിനു അടിമാലി ആശുപത്രി വിട്ടു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബിനു. മുഖത്ത് സാരമായി പരിക്കേറ്റ നടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
‘എനിക്ക് കുഴപ്പമൊന്നുമില്ല, ഇപ്പോള്‍ ഒക്കെയാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്ക് നന്ദി, കാലിന് കുഴപ്പമൊന്നുമില്ല, നടന്നല്ലേ ഇപ്പോള്‍ ഞാന്‍ കാറിലേക്ക് കയറിയത്,’ ബിനു അടിമാലി പറഞ്ഞു.
വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് കൊല്ലം സുധി, ബിനു അടിമാലി, മിമിക്രി കലാകാരനായ മഹേഷ് കുഞ്ഞുമോന്‍, ഉല്ലാസ് എന്നിവര്‍ സഞ്ചരിച്ച വണ്ടി അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സാരമായി പരിക്കേറ്റ കൊല്ലം സുധി ആശുപത്രിയില്‍ വെച്ച് മരിച്ചു.
മഹേഷ് കുഞ്ഞുമോന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ കഴിഞ്ഞിരുന്നു. ഉല്ലാസും ചികിത്സയില്‍ തുടരുകയാണ്. കയ്പമംഗലം പനമ്പിക്കുന്നില്‍ വെച്ചാണ് വാഹനം പിക്കപ്പുമായി കൂട്ടിയിടിച്ചത്.