അഞ്ചു വർഷത്തിനു ശേഷം ശതകോടീശ്വരന്‍ ബാരി ഷെർമാന്റെയും ഭാര്യ ഹണി ഷെർമാന്റെയും മരണങ്ങളിലെ ദുരൂഹത തുടരുകയാണ്. ഈ സാഹചര്യത്തിൽ കുറ്റവാളികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് മൂന്നരക്കോടി യുഎസ് ഡോളർ (35 ദശലക്ഷം യുഎസ് ഡോളർ) വാഗ്ദാനം ചെയ്ത് കുടുംബം രംഗത്തെത്തി.
കാനഡയിലെ സമ്പന്ന ദമ്പതികളായിരുന്ന ബാരിയും (75) ഹണിയെയും (70). 2015 ഡിസംബർ 15നായിരുന്നു മരിച്ചനിലയിൽ കണ്ടെത്തിയത്. ഇൻഡോർ പൂളിന്റെ റെയ്ലിങ്ങിൽ ഇരുവരുടെയും കഴുത്തിനുചുറ്റും ബെൽറ്റ് കെട്ടിയിട്ട് ഇരിക്കുന്ന രീതിയിലായിരുന്നു. അതിനു 2 ദിവസം മുൻപ് ഇവരുമായിഅവസാനം പലരും സംസാരിച്ചതായും പറയുന്നു. എന്നാൽ വീടിനുള്ളിലേക്ക് ആരും അതിക്രമിച്ചു കയറിയതിന്റെ സൂചന ഇല്ലായിരുന്നു.
5 വർഷം, ഇരുട്ടിൽത്തപ്പി പൊലീസ്
ഒരാളെ കൊന്ന് മറ്റേയാൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പിന്നീട് കരുതിക്കൂട്ടിയുള്ള കൊലയാണെന്നുമുള്ള തരത്തിലും പോലീസ് അന്വേഷണം അവസാനിപ്പിച്ചു. എന്നാൽ അഞ്ചു വർഷങ്ങൾക്കുശേഷവും കേസുമായി ബന്ധപ്പെട്ട് ഒരു അറസ്റ്റ് പോലും ഉണ്ടായിട്ടില്ല. അതേസമയം ഇരുവരെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നു പിന്നീട് പോസ്റ്റ്മോർട്ടത്തിൽ തെളിയുകയും ചെയ്തു.
ഇവർ താമസിച്ചിരുന്ന നോർത്ത് യോർക്കിലെ മഞ്ഞുമൂടിക്കിടക്കുന്ന പാതയിലൂടെ ഒരാൾ നടന്നുപോകുന്നത് പൊലീസ് കണ്ടെത്തിയിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ ഇയാൾ ആരാണെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. കൊലപാതകം നടന്നു നാല് വർഷമായപ്പോൾ ഈ സിസിടിവി വിഡിയോ പുറത്തുവിട്ട് ജനങ്ങളിൽനിന്നു പൊലീസ് സഹായം തേടിയിരുന്നു. ദാനധർമങ്ങൾക്കായി 50 മില്യൻ ഡോളർ ഈ ദമ്പതികൾ ചെലവഴിച്ചിട്ടുണ്ട്. അതേസമയം മരിക്കുമ്പോൾ ബാരി ഷെർമാന്റെ ആകെ സമ്പാദ്യം 3 ബില്യൻ യുഎസ് ഡോളർ ആയിരുന്നുവെന്നാണ് ഫോർബ്സ് കണക്കാക്കിയിരുന്നത്. ദമ്പതികൾക്ക് ഒരു മകനും മൂന്നു പെൺമക്കളുമാണ് ഉള്ളത്.





