മാവേലിക്കര : ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ബന്ദിപ്പൂ വിളവെടുപ്പ് നടത്തി. എൻഎസ്എസ് 636 യൂണിറ്റിൻ്റെ നേതൃത്വത്തിലായിരുന്നു പൂച്ചെട്ടികൾ നട്ടു പരിപാലിച്ചത്. ബന്ദിപ്പൂ വിളവെടുപ്പ് ചടങ്ങ് ലഹരിവിരുദ്ധ സന്ദേശം നൽകാനുള്ള ചടങ്ങാക്കി വിദ്യാർത്ഥികൾ മാറ്റി.
“ജീവിതം പൂക്കളെപ്പോലെ വിരിയട്ടെ, ലഹരിയുടെ ഇരുളിൽ കൊഴിഞ്ഞുപോകരുത്” എന്ന സന്ദേശത്തോടെയായിരുന്നു വിളവെടുപ്പ് ചടങ്ങിലേക്ക് വിദ്യാർത്ഥികൾ കടന്നത്. കാർഷികരംഗത്തെ വിദ്യാർത്ഥികളുടെ ഇടപെടൽ അവരിൽ ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താനും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ താത്പര്യം ജനിപ്പിക്കാനും സഹായിക്കും. പൂക്കളുടെ സുഗന്ധം, ലഹരിയുടെ ദുർഗന്ധത്തിന് എതിരെ’ എന്ന സന്ദേശവുമായിട്ടാണ് വിദ്യാർത്ഥികൾ ഇത്രയും ദിവസം കൃഷി നടത്തിയത്.
പരിപാടിയുടെ ഭാഗമായി ചിത്രരചന, ഔഷധസസ്യങ്ങൾ വളർത്തൽ, കാർഷിക പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ആരോഗ്യകരമായ ജീവിതശൈലിയും ലഹരി വിരുദ്ധ മനോഭാവവും വളർത്തുക എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു ഈ പ്രവർത്തനങ്ങൾ.