ലോകത്തെ സമ്പന്നരുടെ ഇഷ്ടവേദികളില്‍ ഒന്നായി മാറുകയാണ് ബഹ്റെന്‍. സമ്പന്നർ വിവാഹം നടത്താൻ വേണ്ടി തെരഞ്ഞെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റെന്‍ മുന്നിലാണെന്നാണ് റിപ്പോര്‍ട്ടുകൾ. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. 2023 ആദ്യമാസങ്ങളിലായി വിദേശികളുടെ 14 വിവാഹങ്ങളാണ് ബഹ്റെനില്‍ നടക്കുന്നതെന്നും ടൂറിസം വകുപ്പ് സൂചിപ്പിച്ചു.
കൊവിഡ് കാലത്ത് തടസ്സപ്പെട്ടിരുന്ന വിവാഹങ്ങൾളാണ് ബഹ്റെനില്‍ വീണ്ടും സജീവമായിരിക്കുന്നത്. ഇതിനായി ഐലൻഡ് വെഡ്ഡിങ് എന്ന പദ്ധതി തന്നെ ബഹ്റെന്‍ നടപ്പാക്കിയിട്ടുണ്ട്. സമ്പന്നരേയും സഞ്ചാരികളേയും ആകര്‍ഷിക്കുന്നതിനും അന്താരാഷ്‌ട്ര വിവാഹ സംഘാടകരെ ഒന്നിച്ചു കൊണ്ടുപോകുന്നതിനും ലക്ഷ്യമിട്ടാണ് ഐലൻഡ് വെഡ്ഡിങ് പദ്ധതി ബഹ്റെന്‍ പ്രഖ്യാപിച്ചത്.
ഇന്ത്യ, പാകിസ്താൻ, ചൈന, ആസ്‌ട്രേലിയ, അമേരിക്ക, യുകെ, കാനഡ, യുഎഇ, സൗദി അറേബ്യ, കുവൈറ്റ്, ജോർഡൻ, ലബനാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിവാഹങ്ങളാണ് ഈ വർഷം ബഹ്റെനില്‍ ബുക്ക് ചെയ്തിരിക്കുന്നത്. വെത്യസ്ത വിവാഹ സംസ്കാരങ്ങളുടെ വേദിയാക്കി ബഹ്റെന്‍ മാറുകയാണെന്നും ടൂറിസം വകുപ്പ് വ്യക്തമാക്കി. വിവാഹങ്ങൾക്ക് പുറമെ പല രാജ്യങ്ങളും വലിയ പരിപാടികൾ സംഘടിപ്പിക്കുന്നതിനുളള വേദിയായി ബഹ്റെെനെ തെരഞ്ഞെടുക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ബീച്ചുകൾ, സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവ സംയോജിപ്പിച്ചാണ് ബഹ്റെന്റെ വ്യത്യസ്തമായ പദ്ധതി. വിവാഹങ്ങൾ ആഘോഷപൂർവം നടത്തുന്നതിനുള്ള ഹോട്ടലുകളും മറ്റ് സേവനങ്ങളും തയ്യാറാണ്. ബഹ്റൈനി വിവാഹ സ്‍പെഷലിസ്റ്റുകളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
2017- 2022 കാലയളവിൽ 54 വിദേശ വിവാഹങ്ങൾ നടന്നെന്നും 20,000ത്തോളം അന്താരാഷ്ട്ര സന്ദർശകര്‍ എത്തിയെന്നുമാണ് കണക്കുകൾ.