ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ചെമ്മരിയാടിനെ ലേലം ചെയ്തു. രണ്ട് കോടി രൂപയ്ക്കാണ് ഓസ്‌ട്രേലിയയിലെ ഒരു കൂട്ടം യുവാക്കൾ ചെമ്മരിയാടിനെ വാങ്ങിയത്. ഇതോടെ ഏറ്റവും വിലപിടിപ്പുള്ള ചെമ്മരിയാടിനെ സ്വന്തമാക്കിയെന്ന പുതിയ ലോക റെക്കോർഡിട്ടിരിക്കുകയാണ് ഇവർ. സെൻട്രൽ ന്യൂ സൗത്ത് വെയിൽസ് സെയിൽ ആണ് ആടുകളെ വിൽക്കുന്നത്.
ന്യൂ സൗത്ത് വേൽസിലെ യുവാക്കളുടെ സംഘമായ എലൈറ്റ് ഓസ്‌ട്രേലിയൻ വൈറ്റ് സിൻഡികേറ്റ് എന്ന ഗ്രൂപ്പാണ് ചെമ്മരിയാടിനെ വാങ്ങിയത്. ചെമ്മരിയാടിന് ‘ എലൈറ്റ് ഷീപ്പ്’ എന്ന് പേരു നൽകുകയും ചെയ്തു. അതേസമയം ചെമ്മരിയാടിന് ഇത്രയധികം വില ലഭിച്ചതിന്റെ അമ്പരപ്പിലാണ് മുൻ ഉടമ ഗ്രഹാം ഗിൽമോർ. ആടുകൾക്ക് ഇത്രയും ഉയർന്ന വില ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും പണത്തിന് ഒരു ആടിനെ വിൽക്കുന്നത് അതിശയകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഓസ്‌ട്രേലിയയിൽ രോമങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനത്തിന്റെ ഉയർന്ന ചിലവ് കാരണം ഇറച്ചി വില ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആടുകളെ വെട്ടുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നു. രോമങ്ങളുടെ ഇടതൂർന്ന ആവരണം ഇല്ലാത്ത ചുരുക്കം ചില ആടുകളിൽ ഒന്നാണ് ഓസ്‌ട്രേലിയൻ വെളുത്ത ആടുകൾ. ഇവ മാംസത്തിനുവേണ്ടി മാത്രം വളർത്തുന്നവയാണ്. തൽഫലമായി, ഇടതൂർന്ന ശരീര രോമങ്ങളില്ലാത്ത ഓസ്‌ട്രേലിയൻ വെളുത്ത ആടുകളുടെ ആവശ്യകത വർദ്ധിക്കുന്നതായി ഗ്രഹാം ഗിൽമോർ അവകാശപ്പെട്ടു.
ഈ ലേലം ആടിന്റെ വില, ഓസ്‌ട്രേലിയയിലെ കമ്പിളി, ആടുകളുടെ ഇറച്ചി വ്യവസായങ്ങൾ എന്നീ കാര്യങ്ങൾ എത്രത്തോളം മുന്നേറിയെന്ന് വെളിപ്പെടുത്തുന്നവയാണ്. ആടുകളുടെ ജനിതകശാസ്ത്രം സമാനമായ രീതിയിൽ മറ്റ് ആടുകളെ ശക്തിപ്പെടുത്താൻ ഉപയോഗിക്കും. ഇത്തരത്തിലുള്ള ചെമ്മരിയാടിന് വലിയ വളർച്ചാ നിരക്കുണ്ട്. ഈ പ്രത്യേക ആടുകൾ ഏറ്റവും വേഗത്തിൽ വളർത്തുന്നുവെന്നും ആടിനെ വാങ്ങിയ സംഘത്തിലെ യുവാക്കൾ പറയുന്നു. അതേസമയം 2021ൽ ഓസ്‌ട്രേലിയൻ വൈറ്റ് സ്റ്റഡ് അനിമൽ ലോകത്തിലെ ഏറ്റവും വില കൂടിയ ആടെന്ന ബഹുമതി മുമ്പ് നേടിയിരുന്നു. ഒരു ആടിന് 1.35 കോടി രൂപയായിരുന്നു വില.