പാകിസ്ഥാനെ തകർത്ത് ഏഷ്യ കപ്പിൽ മുത്തമിട്ട് ശ്രീലങ്ക. 23 റൺസിനാണ് ലങ്കൻ ജയം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ പ്രകടനം ആദ്യം മോശമായിരുന്നുവെങ്കിലും ആറു വിക്കറ്റ് നഷ്ടത്തിൽ 170 റൺസടിച്ച് വിജയം നേടി. പാകിസ്താന് 147 റൺസ് മാത്രമേ നേടാനായുള്ളു. ശ്രീലങ്കയുടെ ആറാമത്തെ ഏഷ്യാ കപ്പ് കിരീടമാണിത്.
ശ്രീലങ്കയെ 45 പന്തിൽ പുറത്താവാതെ മൂന്നു സിക്സും ആറു ഫോറും നേടി 71 റൺസടിച്ച ഭാനുക രാജപക്സെയാണ് ടോപ് സ്കോറർ. 21 പന്തിൽ ഒരു സിക്സും അഞ്ചു ബൗണ്ടറിയുമടക്കം 36 റൺസെടുത്ത് ഹസരംഗയും രാജപക്സേയ്ക്ക് പിന്തുണയുമായി ക്രീസിൽ തുടർന്നു . ഹസരംഗ പുറത്തായ ശേഷമെത്തിയ ചാമിക കരുണരത്നെയോടൊപ്പം 14 പന്തിൽ 14 റൺസ് നേടി രാജപക്സ ശ്രീലങ്കയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. പ്രമോദ് മധുഷാൻ നാലു വിക്കറ്റും വാനിന്ദു ഹസരംഗ മൂന്നു വിക്കറ്റുമെടുത്തതാണ് പാക് ബാറ്റിങ് നിരയെ തകർത്തത്.
അതേസമയം മുഹമ്മദ് റിസ്‍വാൻ 55 റൺസും ഇഫ്തികാർ അഹ്മദും 32 റൺസും എടുത്തത് പാക് നിരയ്ക്ക് ലഭിച്ച മുന്നേറ്റം. എന്നാൽ ഇരുവരും അധികം പന്തുകൾ പാഴാക്കിയത് ടീമിന്റെ പരാജയത്തിന് ഒരു കാരണമാവുകയും ചെയ്തു. ക്യാപ്റ്റൻ ബാബർ അസം , ഫഖർ സമാൻ, മുഹമ്മദ് നവാസ് , ഖുശ്ദിൽ ഷാ , ആസിഫ് അലി എന്നിവർക്കും മതിയായ പ്രകടനം കാഴ്ച്ചവയ്ക്കാൻ സാധിച്ചില്ല.