ഏഷ്യാ കപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായക ദിനം. സൂപ്പർ ഫോറിൽ ശ്രീലങ്കയാണ് എതിരാളി. ഫൈനൽ പ്രതീക്ഷ നിലനിർത്താൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. ദുബായിൽ ഇന്ത്യന്‍സമയം വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.
ശ്രീലങ്കയെ മുക്കാതെ ഇന്ത്യക്ക് രക്ഷയില്ല. സൂപ്പർ ഫോറിൽ പാകിസ്ഥാനോട് തോറ്റതോടെ കാര്യങ്ങളെല്ലാം അവതാളത്തിലായിരിക്കുകയാണ് ടീമിന്. ലങ്കയെയും അഫ്ഗാനിസ്ഥാനേയും തോൽപിച്ചാലേ ഇന്ത്യ ഫൈനലിലെത്തൂ. വിരാട് കോലിയടക്കമുള്ള ബാറ്റർമാർ ഫോമിലേക്ക് എത്തിയപ്പോൾ കുത്തഴിഞ്ഞ ബൗളിംഗാണ് ഇന്ത്യയുടെ ആശങ്ക.
മൂന്ന് പേസർ, ഒരു സ്പിന്നർ, രണ്ട് ഓൾറൗണ്ടർ കോംപിനേഷനിലേക്ക് ഇന്ത്യ തിരിച്ചുപോകാനാണ് സാധ്യത. ഇങ്ങനെയെങ്കിൽ പാകിസ്ഥാനെതിരെ നന്നായി പന്തെറിഞ്ഞെങ്കിലും രവി ബിഷ്ണോയിക്ക് പകരം അക്സർ പട്ടേൽ ടീമിലെത്തും. റിഷഭ് പന്തിന് പകരം ദിനേശ് കാർത്തിക്കും പരിഗണനയിലുണ്ട്.