ഏഷ്യാ കപ്പ് ട്വിന്റി-20 ക്രിക്ക് പൂരത്തിന് നാളെ ദുബൈയില്‍ തുടക്കമാകും. നാളെ വൈകിട്ട് ഏഴിന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ഹോങ്കോംഗ് ടീമുകളും ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകളുമാണുള്ളത്. മത്സരം ഹോട്സ്റ്റാറിൽ തല്‍സമയം കാണാം.
28ന് രാത്രി നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. ഓഗസ്റ്റ് 31-ാം തിയതി ഹോങ്കോങ്ങിനെ ഇന്ത്യ നേരിടും. ദുബായിലാണ് ഇന്ത്യയുടെ രണ്ട് മത്സരങ്ങളും. ഇതിന് ശേഷം സെപ്റ്റംബര്‍ മൂന്ന് മുതല്‍ 9 വരെ സൂപ്പര്‍ ഫോര്‍ മത്സരങ്ങളും 11-ാം തിയതി ഞായറാഴ്‌ച ഫൈനലും നടക്കും. ഉദ്ഘാടന മത്സരം പോലെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ് കലാശപ്പോരിന്‍റേയും വേദി. ദുബായ്‌ക്കൊപ്പം ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലും മത്സരങ്ങളുണ്ട്. ആകെ മൂന്ന് മത്സരങ്ങളാണ് ഷാര്‍ജയില്‍ നടക്കുക. .
രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിന് ഒരിടവേളക്ക് ശേഷം തിരിച്ചെത്തുന്ന സൂപ്പര്‍ താരം വിരാട് കോലിയുടെ മങ്ങിയ ഫോമാണ് ഭീഷണി. എന്നാല്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് തുടങ്ങിയ കരുത്തുറ്റ ബാറ്റിംഗ് നിര ഇന്ത്യയുടെ കരുത്താണ്. രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നീ ഓള്‍റൗണ്ടര്‍മാരുടെ പ്രകടനവും നിര്‍ണായകമാണ്.