എയർ ഇന്ത്യയും നേപ്പാൾ എയർലൈൻസും കൂട്ടിയിടിക്കലിന്റെ വക്കിലെത്തിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്കെതിരെ നടപടിയെടുത്ത് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി. കാഠ്മണ്ഡുവിലെ വിമാനത്താവളത്തിനു സമീപമാണ് വിമാനങ്ങൾ കൂട്ടിയിടിയുടെ വക്കിലെത്തിയത്. സംഭവത്തിലെ അശ്രദ്ധ ചൂണ്ടിക്കാട്ടിയാണ് എയർ ട്രാഫിക് വിഭാഗത്തിലെ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കുന്നതിനായി സിവിൽ ഏവിയേഷൻ അതോറിറ്റി മൂന്നംഗ സമിതിക്ക് രൂപം നൽകി. സംഭവ സമയത്ത് കൺട്രോൾ റൂമിന്റെ ചുമതലയുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയാണ് സസ്‌പെന്റ് ചെയ്തത്. എയർ ഇന്ത്യ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന നേപ്പാൾ എയർലൈൻസിന്റെ എയർബസ് എ-320 വിമാനവും ഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനവും തമ്മിലാണ് കൂട്ടിയിടിക്കലിന്റെ വക്കിലെത്തിയത്.
എയർ ട്രാഫിക് വിഭാഗത്തിന്റെ എയർ ഇന്ത്യ വിമാനം 19,000 അടിയിൽ നിന്ന് താഴേക്ക് ഇറങ്ങുകയായിരുന്നു. അതേസമയം നേപ്പാൾ എയർലൈൻസ് വിമാനം 15,000 അടി മുകളിലേക്ക് പറക്കുകയും ചെയ്തു. ഇതേ തുടർന്നാണ് വിമാനങ്ങൾ കൂട്ടിയിടിക്കലിന്റെ വക്കിലെത്തിയത്. റഡാറിൽ രണ്ട് വിമാനങ്ങളും അടുത്തടുത്താണെന്ന് മനസിലാക്കിയതിനെ തുടർന്ന് നേപ്പാൾ എയർലൈൻസിന്റെ വിമാനം 7,000 അടിയിലേക്ക് താഴ്ന്ന് പറക്കുകയായിരുന്നു.