ദില്ലി: എയർഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഉടമകളായ ടാറ്റ സൺസിൽ നിന്നും സിംഗപ്പൂർ എയർലൈൻസിൽ നിന്നുമായി 10,000 കോടി രൂപയുടെ സാമ്പത്തിക സഹായം എയർ ഇന്ത്യ തേടിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ജൂണിലുണ്ടായ അഹമ്മദാബാദ് വിമാനാപകടമാണ് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കമ്പനിയെ നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
എയർ ഇന്ത്യയുടെ 74.9% ഓഹരികൾ ടാറ്റ സൺസിൻ്റേയും ബാക്കി സിംഗപ്പൂർ എയർലൈൻസിന്റേയും ഉടമസ്ഥതയിലാണ്. 2022 ലാണ് കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. സുരക്ഷ കൂട്ടൽ, എഞ്ചിനീയറിംഗ്, പരിപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ, ജീവനക്കാരുടെ പരിശീലനം, ക്യാബിൻ നവീകരണം, ഐ.ടി നവീകരം എന്നിവയ്ക്കാണ് ധനസഹായം തേടിയിരിക്കുന്നത്
എയർഇന്ത്യയ്ക്കായി ടാറ്റായും സിംഗപ്പൂർ എയർലൈൻസും കൂടി പലിശരഹിത വായ്പയോ അധിക നിക്ഷേപമോ കൊടുത്തേക്കും എന്നാണ് സൂചന. അഹമ്മദാബാദ് വിമാനദുരന്തം എയർഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ദുരന്തത്തിന് പിന്നാലെ എയർഇന്ത്യ വിമാനങ്ങളിലെ അറ്റകുറ്റപ്പണികളും പൈലറ്റുമാരുടെ പരിശീലനവും അടക്കം കർശന നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ് നടക്കുന്നത്.
അതേസമയം നിലവിൽ പ്രതിസന്ധിയിലാണെങ്കിലും വമ്പൻ ലക്ഷ്യങ്ങളുമായിട്ടാണ് കമ്പനി മുന്നോട്ട് പോകുന്നത്. വിസ്താര ലയനം, എയർബസിൽ നിന്നും ബോയിംഗിൽ നിന്നും 470 വിമാനങ്ങളുടെ വൻ ഓർഡർ, ഗൾഫ് വിമാനക്കമ്പനികൾക്ക് വിട്ടുകൊടുത്ത പ്രീമിയം അന്താരാഷ്ട്ര റൂട്ടുകളുടെ വീണ്ടെടുക്കൽ എന്നിവയടക്കം വലിയ ലക്ഷ്യങ്ങളാണ് കമ്പനിക്ക് മുന്നിലുള്ളത്.


 
 



 
  
  
  
 