ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ഒരു സ്‌റ്റേഡിയത്തിന് പെലെയുടെ പേര് നൽകാൻ ആവശ്യപ്പെടുമെന്ന് ഫിഫ തലവൻ ജിയാന്നി ഇൻഫാന്റിനോ അറിയിച്ചു. സാന്റോസിൽ പെലെയുടെ സംസ്‌കാര ചടങ്ങിൽ അന്തിമോപചാരമർപ്പിക്കാനെത്തിയതായിരുന്നു ജിയാന്നി.
വലിയ ദുഃഖത്തോടെയാണ് ഇവിടെ നിൽക്കുന്നത്. ഫുട്‌ബോളിന്റെ ആഗോള പ്രതീകമാണ് പെലെ. അദ്ദേഹം അനശ്വരനാണ്. ഒരുപാട് വികാരങ്ങളിലൂടെയും വേദനയിലൂടെയുമാണ് ഇപ്പോൾ എല്ലാവരും കടന്നുപോകുന്നത്. ഫിഫ രാജാവിന് ആദരമർപ്പിക്കുകയും ലോകത്തോടു മുഴുവൻ ഒരു നിമിഷം മൗനമാചരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും ഇൻഫാന്റിനോ പറഞ്ഞു.
2022 ഡിസംബർ 29നാണ് ഫുട്‌ബോൾ ചരിത്രം കണ്ട എക്കാലത്തെയും വലിയ ഇതിഹാസം വിടപറഞ്ഞത്. 2021 മുതൽ അർബുദബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. അർബുദത്തിന് പുറമേ ഹൃദയ, വൃക്ക സംബന്ധമായ പ്രശ്‌നങ്ങളും താരം നേരിട്ടിരുന്നു.