ന്യൂ ഹാംഷയറിന് സമീപം പർവതാരോഹണത്തിനിടെ കാണാതായ പത്തൊന്‍പതുകാരിയുടെ മൃതദേഹം കണ്ടെത്തി. എമിലി സോറ്റെലോയെയാണ് മരിച്ച നിലയിൽ കണ്ടത്. ഇരുപത് വയസ് തികയുന്നതിന് മുൻപ് തന്നെ യുഎസിലെ 48 കൊടുമുടികളും കീഴടക്കണമെന്ന ലക്ഷ്യമായിരുന്നു എമിലിയുടേത്. ഇതിനായി പർവതാരോഹണം ആരംഭിച്ച എമിലി ആ ലക്ഷ്യം വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.
ലഫായെറ്റ് കൊടുമുടിയുടെ വടക്കുപടിഞ്ഞാറ് ഭാഗത്ത് നിന്നാണ് എമിലിയുടെ മൃതദേഹം ലഭിച്ചത്. ഒറ്റയ്ക്കായിരുന്നു എമിലിയുടെ യാത്ര. അതുകൊണ്ട് തന്നെ യാത്രക്കിടെ വഴി തെറ്റിയതോ ലഫായെറ്റിലെ കനത്ത മഞ്ഞുവീഴ്ചയുള്ള പ്രതികൂല കാലാവസ്ഥയോ ആവാം എമിലിയുടെ മരണത്തിന് കാരണമായതന്ന് വിലയിരുത്തുന്നു. വൈറ്റ് പർവതത്തിലെ ഫ്രാങ്കോണിയ നിരയിലാണ് ലഫായെറ്റ് കൊടുമുടി സ്ഥിതി ചെയ്യുന്നത്. ഫ്രാങ്കോണിയയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി കൂടിയാണിത്.
2021- ലും ഇതേപ്രദേശത്ത് പർവതാരോഹണത്തിന് ശേഷം മടക്കയാത്രക്കിടെ എമിലിയ്ക്കും സംഘത്തിനും വഴിതെറ്റിയതായി സുഹൃത്ത് ബ്രയാൻ ഗാർവേ പറഞ്ഞു. അന്ന് രക്ഷാപ്രവർത്തകർ സംഘത്തെ കണ്ടെത്തിയതിനാലാണ് വലിയ അപകടം ഒഴിവായതെന്ന് ബ്രയാൻ കൂട്ടിച്ചേർത്തു. നന്നായി കാറ്റ് വീശുന്ന ദിവസമാണെങ്കിൽ വഴിതെറ്റാനുള്ള സാധ്യത കൂടുതലാണ്.
അതേസമയം കാറ്റും കനത്ത മഞ്ഞും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നെന്ന് എന്‍.എച്ച്. ഫിഷ് ആന്‍ഡ് ഗെയിം ലോ എന്‍ഫോഴ്സ്‌മെന്റ് ഡിവിഷൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തിരച്ചിലിനായി സേനയുടെ ഹെലികോപ്ടറും രംഗത്തുണ്ടായിരുന്നു. വാൻഡര്‍ബില്‍ട്ട് സര്‍വകലാശാലയിലെ ബയോകെമിസ്ട്രി ആന്‍ഡ് കെമിക്കൽ ബയോളജി വിദ്യാര്‍ഥിയാണ് എമിലി.