ഇലോൺ മസ്‌ക് ട്വിറ്റർ വാങ്ങുകയും പ്ലാറ്റ്‌ഫോമിൽ നിരവധി മാറ്റങ്ങൾ വരുത്തുന്നതുമായി ബന്ധപ്പെട്ട് വലിയ തീരുമാനങ്ങൾ എടുക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ഒരു തീരുമാനമാണ് ഇപ്പോൾ ചർച്ചയാവുന്നത്. ചില ട്വിറ്റർ എഞ്ചിനീയർമാരോട് ദിവസത്തിൽ 12 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. പുതിയ മാറ്റങ്ങൾക്കായി ഡെഡ്‌ലൈന്‍ പാലിക്കണം. ഇങ്ങനെ വരുമ്പോൾ അധിക മണിക്കൂർ ജോലി ചെയ്യേണ്ടിവരുമെന്ന് ട്വിറ്ററിലെ മാനേജർമാർ ജീവനക്കാരോട് പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഓവർടൈം ജോലിചെയ്യുന്നതിനെക്കുറിച്ചോ വേതനത്തെക്കുറിച്ചോ ജോലിയുടെ സുരക്ഷയെക്കുറിച്ചോ ജീവനക്കാരുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. എഞ്ചിനീയർമാർക്ക് നവംബർ ആദ്യം സമയപരിധി നൽകിയിട്ടുണ്ടെന്നും ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അവർക്ക് ജോലി നഷ്ടപ്പെടുമെന്നും പറയുന്നു.
നവംബർ ആദ്യം സമയപരിധിക്കുള്ളിൽ ടാസ്‌ക് പൂർത്തിയാക്കുന്നത് ജീവനക്കാരുടെ കരിയറിലെ ഒരു ബ്രേക്കായിരിക്കും. ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷന്റെ വില വർദ്ധിപ്പിക്കാനും ബ്ലൂ ടിക്കിന്റെ പരിശോധനാ പ്രക്രിയ പരിഷ്‌കരിക്കാനും മസ്കിന് പദ്ധതിയുണ്ട്. ഇതിനായി നവംബർ 7 വരെ പെയ്ഡ് വെരിഫിക്കേഷൻ ഫീച്ചർ ലോഞ്ച് ചെയ്യാൻ ട്വിറ്റർ എഞ്ചിനീയർമാർക്ക് സമയപരിധി നൽകിയിട്ടുണ്ട്. അല്ലെങ്കിൽ അവർക്ക് ജോലി നഷ്ടപ്പെടുമെന്നാണ് സൂചന.
ബ്ലൂ ടിക്ക് ബാഡ്ജും ഈ സബ്‌സ്‌ക്രിപ്‌ഷനിലേക്ക് പരിമിതപ്പെടുത്തും. അതേസമയം ഈ തീരുമാനത്തെ ധാരാളം ആളുകൾ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പ്ലാറ്റ്‌ഫോം ആദ്യം സബ്‌സ്‌ക്രിപ്‌ഷനായി 19.99 ഡോളർ അതായത് ഏകദേശം 1,600 രൂപ ഈടാക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാൽ 8 ഡോളർ അതായത് ഏകദേശം 660 രൂപ ന്യായമാണോ എന്ന് മസ്‌ക് ട്വിറ്ററിൽ ഉപഭോക്താക്കളോട് ചോദിക്കുകയും ചെയ്തു. പ്ലാറ്റ്‌ഫോമിന് കൂടുതൽ വരുമാനം ആവശ്യമാണെന്നും വരുമാനമുണ്ടാക്കാൻ പരസ്യദാതാക്കളെ മാത്രം ആശ്രയിക്കാനാകില്ലെന്നും അദ്ദേഹം ട്വിറ്ററിൽ വിശദീകരിച്ചു. എന്നാൽ, ഒരു ബ്ലൂ ടിക്കിന് ഏകദേശം 1,600 രൂപയോട് യോജിക്കുന്നില്ലെന്നാണ് ആളുകൾ ട്വിറ്ററിൽ പ്രതികരിച്ചത്.





