ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രം ‘ഐന്‍ ദുബായ്’ ഉടൻ തുറക്കില്ലെന്ന് അധികൃതർ. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് ഔദ്യോഗിക വെബ്‍സൈറ്റിലൂടെ അധികൃതര്‍ വ്യക്തമാക്കി. അടുത്ത വര്‍ഷം ആദ്യ പാദത്തോടെ ഐന്‍ ദുബായ് സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്നാണ് വിവരം.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ചില നിര്‍മാണ പ്രവൃത്തികള്‍ക്കായി 2022 മാര്‍ച്ച് 14 മുതൽ ഐന്‍ ദുബായിലേക്ക് പൊതുജനങ്ങളുടെ പ്രവേശനം താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. റമദാന് ശേഷം പെരുന്നാളോടെ വീണ്ടും തുറക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ പുതിയ അറിയിപ്പ് പ്രകാരം ഐന്‍ ദുബായ് വീണ്ടും തുറക്കുന്ന സമയം വീണ്ടും നീട്ടിയിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് വെബ്‍സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരം. കഴിഞ്ഞ മാസങ്ങളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നതായി അറിയിപ്പിലുണ്ട്.
ദുബായ് ബ്ലൂ വാട്ടര്‍ ഐലൻ്റില്‍ സ്ഥിതി ചെയ്യുന്ന ‘ഐന്‍ ദുബായ്’ കഴിഞ്ഞ ഒക്ടോബര്‍ 21 മുതലാണ് പ്രവര്‍ത്തനം തുടങ്ങിയത്. 250 മീറ്റര്‍ ഉയരമുള്ള ഈ ഒബ്‍സര്‍വേഷന്‍ വീലിന്, ‘ലണ്ടന്‍ ഐ’യുടെ ഇരട്ടിയാണ് ഉയരം. ദുബായുടെ കണ്ണ് എന്ന് അര്‍ത്ഥം വരുന്ന ‘ഐന്‍ ദുബായി’ലൂടെ ദുബായ് നഗരം 360 ഡിഗ്രിയിൽ ആസ്വദിക്കാനാവും. 40 പേര്‍ക്ക് വരെ കയറാനാവുന്ന 48 ആഡംബര ക്യാബിനുകളുമുണ്ട്. ഒരു തവണ പൂര്‍ണമായി കറങ്ങിയെത്താന്‍ 38 മിനിറ്റ് സമയമെടുക്കും.