ഖത്തർ ലോകകപ്പ് ഫുട്ബോൾ കാണികൾക്കായുള്ള ടിക്കറ്റുകളുടെ കൗണ്ടർ വില്പന ഇന്ന് ആരംഭിക്കും. ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ പ്രവർത്തിക്കുന്ന രണ്ട് ടിക്കറ്റ് കേന്ദ്രങ്ങളിലൊന്നിലാണ് കൗണ്ടർ വില്പന നടക്കുക. ആരാധകർക്ക് നേരിട്ടെത്തി മാച്ച് ടിക്കറ്റുകൾ വാങ്ങാമെന്ന് ഫിഫ സി ഒ ഒ കോളിൻ സ്മിത്ത് അറിയിച്ചു.
അതേസമയം, കൗണ്ടർ വില്പനയിലൂടെ നൽകുന്ന ടിക്കറ്റുകൾക്ക് മാത്രമേ പേപ്പർ ടിക്കറ്റുകൾ നൽകുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു. ഓൺലൈൻ വഴി വാങ്ങുന്ന ടിക്കറ്റുകൾക്ക് പേപ്പർ പകർപ്പ് ലഭിക്കില്ല. ടിക്കറ്റ് വാങ്ങിയിട്ടുള്ള ആരാധകർക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമാണെങ്കിൽ ഡി ഇ സി സി യെ സമീപിക്കാം. പുതുതായി ടിക്കറ്റ് വാങ്ങാൻ താല്പര്യം ഉള്ളവരും ഡി ഇ സി സി യുമായി ബന്ധപ്പെടണമെന്ന് സ്മിത്ത് കൂട്ടിച്ചേർത്തു.