ഷാര്‍ജയില്‍ ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമായി. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യൂണിറ്റി ഡെവലപ്മെന്റ് വിഭാഗമാണ് സെൻസസ് എടുക്കുന്നത്. ‘യു കൗണ്ട്’ എന്ന പേരിലുള്ള പദ്ധതിയിലൂടെ ഷാർജയിലെ ജനങ്ങളുടെ സ്ഥിതി വിവരകണക്കുകൾ അഞ്ച് മാസംകൊണ്ട് ശേഖരിക്കും. കണക്കെടുപ്പിൽ സ്വദേശികളും വിദേശികളും ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
ഷാര്‍ജയിലെ കുടുംബങ്ങള്‍, അവരുടെ ജീവിത സാഹചര്യങ്ങള്‍, തൊഴില്‍ നില, വിദ്യാഭ്യാസം, മറ്റ് സുപ്രധാന കാര്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. സെൻസെസിന്റെ ഭാഗമായി ഓണ്‍ലൈന്‍ ഫോമുകള്‍ പൂരിപ്പിക്കാന്‍ ആവശ്യപ്പെടും. വെബ്‌സൈറ്റോ ആപ്പോ ഏതാനും ദിവസത്തിനകം തയാറാകും. ഇതിന് പുറമെ ഡി എസ് സി ഡി ടീമുകള്‍ എമിറേറ്റിലെ വീടുകള്‍, കെട്ടിടങ്ങള്‍, ബിസിനസുകള്‍, മറ്റ് സൗകര്യങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കുമെന്ന് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹുമൈദ് അല്‍ ഖാസിമി പറഞ്ഞു. വസ്തു വാടകയ്‌ക്കെടുത്തതാണോ അതോ ഉടമസ്ഥതയിലുള്ളതാണോ, എത്ര മുറികളുണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണം. ആളുകളോട് അവരുടെ അക്കാദമിക് ബിരുദങ്ങള്‍, തൊഴില്‍ നില, വിദ്യാഭ്യാസ നിലവാരം എന്നിവയെക്കുറിച്ചും ചോദിക്കും.
കുട്ടികളുടെ വിവരങ്ങൾ, ബിസിനസുകാര്‍ ലൈസന്‍സ് സ്റ്റാറ്റസ്, ജീവനക്കാരുടെ എണ്ണം, അവരുടെ ദേശീയത എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഷാര്‍ജയിലെ പൗരന്മാര്‍, അവര്‍ എമിറേറ്റില്‍ താമസിച്ചാലും ഇല്ലെങ്കിലും സെന്‍സസില്‍ പങ്കെടുക്കേണ്ടതുണ്ട്. വിവാഹമോചനം നേടിയവരോ വിധവകളായ സ്ത്രീകളോ സര്‍ക്കാരിന്റെ പിന്തുണ ആവശ്യമുള്ള അനാഥരോ ആകട്ടെ, അവരുടെ വൈവാഹിക നിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കിടാന്‍ ആവശ്യപ്പെടും.
സെന്‍സസ് ഫലങ്ങള്‍ 2023 മാര്‍ച്ചില്‍ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുമായി പങ്കിടും. സ്ഥിതിവിവരക്കണക്കുകള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ലഭ്യമാക്കുകയും ഏകീകൃത ഡാറ്റ ഷാര്‍ജ സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെയും ഓപ്പണ്‍ ഡാറ്റാ പ്ലാറ്റ്‌ഫോമുകളിലൂടെയും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. 2015 ലെ സെന്‍സസ് പ്രകാരം ഷാര്‍ജയിലെ ജനസംഖ്യ 1,405,843 ആയിരുന്നു. മൊത്തം ജനസംഖ്യയുടെ 12 ശതമാനം സ്വദേശികളാണ് (17,5,432). എന്നാൽ ഷാർജയിലെ വിദേശികൾ മൊത്തം ജനസംഖ്യയുടെ 87% വരും (12,30,417).