യു എസ് സൈന്യത്തിൻ്റെ എല്ലാം വിഭാഗത്തിൻ്റെയും യൂണിഫോമുകളിൽ മതചിഹ്നങ്ങൾ അനുവദിക്കണമെന്ന് ശുപാർശ. യുഎസ് പ്രസിഡൻഷ്യൽ കമ്മീഷനാണ് ഇത്തരമൊരു ശുപാർശ മുന്നോട്ടുവച്ചത്. ഹിജാബ്, താടി, തലക്കെട്ട്, തൊപ്പി തുടങ്ങിയ മതചിഹ്നങ്ങൾ യൂണിഫോമിൻ്റെ ഭാഗമാക്കണമെന്നാണ് പ്രസിഡൻഷ്യൽ കമ്മിഷൻ നൽകിയ ശുപാർശയിൽ പറയുന്നത്.
എന്നാൽ ഇത് സംബന്ധിച്ച തീരുമാനങ്ങൾ വൈറ്റ് ഹൗസിൻ്റെ പരിഗണനയിലാണ്. വൈറ്റ് ഹൗസിൽ നിന്ന് അംഗീകാരം ലഭിച്ചാൽ പ്രസിഡന്റ് ജോ ബൈഡന് കൈമാറും. അദ്ദേഹമായിരിക്കും ശുപാർശയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കുക.
1981ലെ മാർഗനിർദേശമനുസരിച്ച് അമേരിക്കൻ സൈന്യത്തിൻ്റെ യൂണിഫോമുകളിൽ മതചിഹ്നങ്ങൾ അനുവദനീയമായിരുന്നില്ല. പിന്നീട്, 2017ൽ അമേരിക്കൻ കരസേനയും 2020ൽ അമേരിക്കൻ വ്യോമസേനയും ഈ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി. തുടർന്ന് സൈന്യത്തിന്റെ യൂണിഫോമുകളിൽ മതചിഹ്നങ്ങൾ അനുവദിക്കുകയും ചെയ്തു. അതേസമയം അമേരിക്കൻ നാവിക സേന ഇതുവരെയും അനുവാദിച്ച മാറ്റം നടപ്പാക്കിയിട്ടില്ല. ഈ മാറ്റമാണ് പ്രാബല്യത്തിൽ വരണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നത്. സൈന്യത്തിൻ്റെ എല്ലാ മേഖലകളിലും ഒരേ യൂണിഫോം ആക്കണമെന്ന നിർദ്ദേശവും കമ്മീഷൻ മുന്നോട്ട് വച്ചിട്ടുണ്ട്.