യുക്രൈനെതിരായ യുദ്ധത്തില്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തിൽ സൈന്യത്തിലെ റിസ്സർവ് പൗരന്മാരെ റിക്രൂട്ട് ചെയ്യുന്ന നടപടി ക്രമങ്ങള്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇത്തരത്തിൽ മൂന്ന് ലക്ഷം പേരെയാണ് സേനയുടെ ഭാഗമാക്കുന്നത്. നിലവിൽ റിസർവിലുള്ള പൗരന്മാരും, സായുധ സേനയിൽ സേവനമനുഷ്ഠിച്ചവരെയുമാണ് നിർബന്ധിത നിയമനത്തിന് വിധേയമാക്കുന്നുള്ളുവെന്ന് പുടിന്‍ പറഞ്ഞു.
പ്രതിരോധത്തിൽ യുക്രൈനെ സഹായിച്ച മറ്റ് പാശ്ചാത്യ രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പും പുടിൻ നൽകി. റഷ്യയെ ദുർബലപ്പെടുത്താനും വിഭജിക്കാനും നശിപ്പിക്കാനും പടിഞ്ഞാറൻ രാജ്യങ്ങൾ ആഹ്വാനം ചെയ്യുന്നുണ്ട് . അവർ അവരുടെ എല്ലാ അതിർത്തികളും കടന്നിരിക്കുകയാണ്. പാശ്ചാത്യ രാഷ്ട്രങ്ങളുടെ ഭീഷണികൾക്ക് മറുപടി നൽകാൻ റഷ്യയുടെ കൈവശം വേണ്ടുവോളം ആയുധങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ഒപ്പം ആണവ ഭീഷണിയും ഉയർത്തിക്കാട്ടിയിട്ടുണ്ട്.
റഷ്യയുടെ ഭാഗമാകണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ നടത്തുന്ന ഹിതപരിശോധന വെളളി മുതൽ ചൊവ്വ വരെയാണ് നടക്കുന്നത്. ഫലം അന്തിമമായിരിക്കുമെന്ന് റഷ്യയുടെ മുൻ പ്രസിഡന്റും സുരക്ഷാസമിതിയുടെ ഡപ്യൂട്ടി ചെയർമാനുമായ ദിമിത്രി വ്യക്തമാക്കി. ഫെബ്രുവരി 24നു തുടങ്ങിയ റഷ്യൻ – യുക്രൈൻ യുദ്ധം ശനിയാഴ്ച 7 മാസം പിന്നിടുകയാണ്.
റഷ്യ കീഴടക്കിയ പല സ്ഥലങ്ങളും യുക്രൈന്‍ തിരിച്ച് പിടിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം നിലവില്‍ പല മേഖലകളിലും റഷ്യ വലിയ തിരിച്ചടിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് ഹിത പരിശോധനയുമായി റഷ്യ മുന്നോട്ട് വന്നത്. ഹിത പരിശോധന അനുകൂലമായാൽ യുക്രെയ്നിന്റെ 15% ഭൂപ്രദേശങ്ങൾ റഷ്യൻ ഫെഡറേഷന്റെ ഭാഗമായേക്കും. എന്നാൽ അതിന് ശേഷവും യുക്രൈന്‍ സൈനിക നീക്കങ്ങൾ നടത്തുകയാണെങ്കില്‍ ശക്തമായി തിരിച്ചടിക്കാനാണ് റഷ്യയുടെ തീരുമാനമെന്നും പുടിൻ വ്യക്തമാക്കി.