യുഎഇയിലെ ആദ്യത്തെ ഇലക്‌ട്രിക് കാർഗോ വിമാനത്തിന് താൽക്കാലിക ലൈസൻസ് അനുവദിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ലൈസൻസ് നൽകിയത്.
ഷിപ്പിംഗ് മേഖലയുടെ ഭാവി തന്നെ മാറ്റുന്ന സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. പൂർണ്ണമായും ശുദ്ധമായ ഊർജ്ജത്തിലാണ് ഇലക്ട്രിക് കാർഗോ വിമാനങ്ങൾ പ്രവർത്തിക്കുക. കൂടാതെ എമിഷൻ പൂജ്യവുമായിരിക്കും. വിതരണക്കാർക്കും ഉപഭോക്താക്കൾക്കും ഷിപ്പിംഗ് ചെലവ് കുറയ്ക്കുന്നതിനും താൽക്കാലിക ലൈസൻസിംഗ് സഹായകരമാകും.
വർദ്ധിച്ചുവരുന്ന ആഗോള കാലാവസ്ഥാ വ്യതിയാന ആശങ്കകൾ കാരണം യുഎഇ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ നെറ്റ് സീറോ എമിഷൻ നേടുന്നതിനായി പരിസ്ഥിതി സൗഹൃദമായ ഗതാഗത മാർഗ്ഗങ്ങളിലേക്ക് തിരിയുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്ധനം കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിലേക്ക് വ്യോമയാന മേഖലയും തിരിയുന്നത്. യുഎസിലെയും യൂറോപ്പിലെയും പ്രധാന വിമാന നിർമ്മാതാക്കൾ ഓൾ-ഇലക്‌ട്രിക് വിമാനവും ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (ഇവിടിഒഎൽ) വിമാനവും വികസിപ്പിക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്.