അബുദാബി: കോടികൾ മറിഞ്ഞ ലേലത്തിനൊടുവിൽ ഓസ്ട്രേലിയൻ ഓൾറൌണ്ടർ കാമറൂൺ ഗ്രീനിനെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. രണ്ട് കോടി അടിസ്ഥാന വിലയുമായി ലേലത്തിൽ ചേർക്കപ്പെട്ട ഗ്രീനിന് വേണ്ടി ചെന്നൈയും കൊൽക്കത്തയും തമ്മിൽ വൻ ലേലം വിളിയാണ് നടന്നത്. ഒടുവിൽ 25 കോടി 20 ലക്ഷം രൂപയ്ക്ക് ആണ് കൊൽക്കത്ത ടീം ഗ്രീനിനെ സ്വന്തമാക്കിയത്. തുടക്കത്തിൽ രാജസ്ഥാൻ റോയൽസും ഗ്രീനിന് വേണ്ടി രംഗത്തു വന്നെങ്കിലും തുക ഉയർന്നതോടെ അവർ പിന്മാറി. 13.60 കോടിയിലാണ് രാജസ്ഥാന്‍ പിന്മാറിയത്.
ദക്ഷിണാഫ്രിക്കന്‍ സീനിയർ താരം ഡേവിഡ് മില്ലര്‍ അടിസ്ഥാന തുകയായ രണ്ട് കോടിക്ക് ഡൽഹി ക്യാപിറ്റൽസിൽ എത്തി. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന മുൻ കൊൽക്കത്ത താരം വെങ്കിടേഷ് അയ്യരെ 7.00 കോടിക്കാണ് അര്‍സിബി സ്വന്തമാക്കിയത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രംഗത്ത് വന്നെങ്കിലും ആര്‍സിബിക്ക് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു.
രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ശ്രീലങ്കൻ പേസർ മതീഷ പതിരണയ്ക്ക് വേണ്ടി ഡൽഹി ക്യാപിറ്റൽസും ലക്നൗ ജിയൻ്റസും തമ്മിൽ ആവേശകരമായ ലേലം വിളിയാണ് നടന്നത്. ഒടുവിൽ 15.80 ന് ഡൽഹി ലേലംവിളി നിർത്തിയപ്പോൾ അപ്രതീക്ഷിതമായി കൊൽക്കത്ത രംഗത്ത് എത്തി. ലക്നൗവും കൊൽക്കത്തയും തമ്മിലുള്ള ലേലം വിളിക്കൊടുവിൽ 18 കോടിക്ക് പതിരണയെ കൊൽക്കത്ത സ്വന്തമാക്കി.
അതേസമയം സര്‍ഫറാസ് ഖാന്‍, പൃഥ്വി ഷാ എന്നീ ഇന്ത്യന്‍ താരങ്ങൾ ലേലത്തിൽ അൺസോൾഡ് ആയി. ഇരുവരേയും ആരും വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചില്ല. സയ്യിദ് മുഷ്താഖ് അലി ടി20യില്‍ മികച്ച പ്രകടനമായിരുന്നു ഇരുതാരങ്ങളും കാഴ്ച വച്ചത്. ഡിവോൺ കോൺവോയ്, ലിയാം ലീവിംഗ്സ്റ്റൺ, ദീപക് ഹൂഡ, കെ.എസ് ഭരത് എന്നിവരും അൺസോൾഡായി. അൺസോൾഡായ താരങ്ങളെ ലേലത്തിൻ്റെ അവസാനം വീണ്ടും വാങ്ങാൻ ടീമുകൾക്ക് അവസരമുണ്ടാവും. മുൻഗണന നൽകുന്ന താരങ്ങളെ സ്വന്തമാക്കാനാണ് ഇപ്പോൾ ടീമുകൾ ശ്രമിക്കുന്നത്.




