അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെതിരെ ശക്തമായ അന്വേഷണത്തിനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി (NIA). ദാവൂദിനെക്കുറിച്ചും കൂട്ടാളികളെ കുറിച്ചും വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ ഇനാം നൽകുമെന്ന് എൻ ഐ എ പ്രഖ്യാപിച്ചു. ‘ഡി’ കമ്പനിയുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് എൻഐഎയുടെ പുതിയ നടപടി.
ദാവൂദിന്റെ സഹോദരനായ അനീസ് ഇബ്രാഹിം എന്ന ഹാജി അനീസ്, ബന്ധുക്കളായ ജാവേദ് പട്ടേൽ എന്ന ജാവേദ് ചിക്‌ന, ഷക്കീൽ ഷെയ്ഖ് എന്ന ഛോട്ടാ ഷക്കീൽ, ടൈഗർ മേമൻ എന്ന ഇബ്രാഹിം മുഷ്താഖ് അബ്ദുൾ റസാഖ് മേമൻ എന്നിവരെയാണ് എൻ ഐ എ യ്ക്ക് കണ്ടെത്തേണ്ടത്. ദാവൂദിനെ കണ്ടെത്തുന്നവർക്ക് 25 ലക്ഷം രൂപയും ഛോട്ടാ ഷക്കീലിന് 20 ലക്ഷം രൂപയും അനീസ്, ചിക്ന, മേമൻ എന്നിവരെ കണ്ടെത്തുന്നവർക്ക് 15 ലക്ഷം വീതവുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ വർഷം ഫെബ്രുവരിയിൽ ദാവൂദിനെതിരെ എൻഐഎ പുതിയൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു. ഐഎസ്‌ഐയുടെയും തീവ്രവാദ ഗ്രൂപ്പുകളുടെയും സഹായത്തോടെ ഡി കമ്പനി ഇന്ത്യയിൽ പ്രത്യേക യൂണിറ്റ് തയ്യാറാക്കിയിട്ടുണ്ട്. രാഷ്ട്രീയക്കാരെയും വ്യവസായികളെയും ലക്ഷ്യം വച്ചുകൊണ്ടാണ് ഇതെന്ന് ഏജൻസിക്ക് വിവരം ലഭിച്ചിരുന്നതായും എൻ ഐ എ പറയുന്നു.