ദില്ലി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ നടുങ്ങി രാജ്യം. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്താണ് സ്ഫോടനമുണ്ടായത്. നിരവധി വാഹനങ്ങൾക്ക് സ്ഫോടനത്തിൽ തീപിടിച്ചു. വൈകിട്ട് ഏഴ് മണിയോടെ ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന്റെ അടുത്തായാണ് സ്ഫോടനം ഉണ്ടായത്. രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് സൂചന.

ആദ്യം ഒരു സിഎൻജി വാഹനം പൊട്ടിത്തെറിച്ചുവെന്നാണ് അധികൃതരും കരുതിയത്. എന്നാൽ പിന്നീട് സ്ഫോടനത്തിൻ്റെ വ്യാപ്തി വ്യക്തമായതോടെ ഇതൊരു ആസൂത്രിത ആക്രമണമാണോയെന്ന സംശയം ശക്തമായിട്ടുണ്ട്. എൻ.ഐ.എ സംഘം അപകടസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്, അതീവ സുരക്ഷാമേഖലയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ ഒൻപത് പേർ മരണപ്പെട്ടുവെന്നാണ് ഇതുവരെയുള്ള വിവരം. മരണസംഖ്യ കൂടിയേക്കാമെന്ന ആശങ്കയും ശക്തമാണ്. അഞ്ച് അഗ്നിരക്ഷാ യൂണിറ്റുകൾ ചേർന്ന പണിപ്പെട്ടാണ് സ്ഥലത്തെ തീയണച്ചത്.
എൻഐഎയെ കൂടാതെ ദില്ലി പൊലീസ് സ്പെഷ്യൽ സെല്ലും എൻ.എസ്.ജി ബോംബ് സ്ക്വാഡും മറ്റു രഹസ്യാന്വേഷണ ഏജൻസികളും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മരണപ്പെട്ട പലരുടേയും മൃതദേഹങ്ങൾ ചിന്നിചിതറിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അപകടത്തിന് പിന്നാലെ രാജ്യത്താകെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഡൽഹി കൂടാതെ ബോംബെയടക്കം പ്രധാന മെട്രോ നഗരങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി.






