ദുബായ്: ദുബായിലെ സൂപ്പർമാർക്കറ്റില്‍ നിന്ന് 660,000 ദിർഹം മോഷ്ടിച്ച് രാജ്യം വിടാൻ ശ്രമിച്ച രണ്ട് പേർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിൽ.
ദുബായ് പൊലിസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മോഷണം നടന്നതായി റിപ്പോർട്ട് ലഭിച്ച് കേവലം മണിക്കൂറുകള്‍ക്കുള്ളിലാണ് ബർ ദുബൈ പൊലിസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. മോഷ്ടിച്ച മുഴുവൻ പണവും ഇവരിൽ നിന്നും വീണ്ടെടുത്തു.
ഒരു വലിയ സൂപ്പർമാർക്കറ്റ് കൊള്ളയടിക്കാൻ ആസൂത്രണം ചെയ്ത പ്രതികള്‍ അർധ രാത്രി മൂർച്ചയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് പിൻവശത്തെ വാതിൽ തകർത്ത് അകത്ത് കയറി.
ആദ്യം 60,000 ദിർഹം അടങ്ങിയ നാല് പണപ്പെട്ടികള്‍ കൈക്കലാക്കിയ ശേഷം, പ്രധാന സേഫ് ലക്ഷ്യമാക്കി നീങ്ങുകയും അതേ ഉപകരണങ്ങള്‍ ഉപയോഗിച്ച് അത് ബലമായി തുറന്ന് 600,000 ദിർഹം കൂടി മോഷ്ടിക്കുകയായിരുന്നു. ആകെ 660,000 ദിർഹവുമായാണ് ഇവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്.
പിറ്റേന്ന് രാവിലെ ജീവനക്കാരൻ കട എത്തിയത്തോടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. ഉടൻതന്നെ പൊലിസില്‍ വിവരമറിയിച്ചു. ഡ്യൂട്ടി ഓഫീസർമാർ, ഫോറൻസിക് വിദഗ്ധർ, സിഐഡി അന്വേഷകർ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
പ്രതികള്‍ മുഖംമൂടി ധരിച്ചാണ് കവർച്ച നടത്തിയതെങ്കിലും എ. ഐ ഉപകരണങ്ങളും മറ്റു ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ച് ഉദ്യോഗസ്ഥർ ഇവരുടെ നീക്കങ്ങള്‍ കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്തു.
അന്വേഷണത്തില്‍ മോഷ്ടിച്ച പണവുമായി രാജ്യം വിടാനായിരുന്നു ഇവരുടെ പദ്ധതി എന്ന് പൊലിസിന് ബോധ്യമായി. ബർ ദുബൈ പൊലിസ് സ്റ്റേഷനും ജനറല്‍ ഡിപ്പാർട്ട്മെന്റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റിയും തമ്മിലുള്ള വേഗത്തിലുള്ള ഏകോപനത്തിലൂടെ, ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പ്രതികളെ വിമാനത്തില്‍ കയറുന്നതിന് തൊട്ടുമുൻപായി അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷ്ടിച്ച പണം മുഴുവൻ വീണ്ടെടുക്കാൻ കഴിഞ്ഞത് പൊലിസിന് നേട്ടമായി. നിയമനടപടികള്‍ക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.





