കണ്ണൂർ: കൂത്തുപറമ്പിൽ വിട്ടീൽ കയറി വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗൺസിലർ. കൂത്തുപറമ്പിനെ ഞെട്ടിച്ച സംഭവത്തിൽ നഗരസഭയിലെ സിപിഎം കൗൺസിലർ പിപി രാജേഷാണ് അറസ്റ്റിലായത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി ഇയാൾ മാല പൊട്ടിച്ച് ഓടിയത്. 77 കാരിയായ വയോധിക ജാനകി വീട്ടിലെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ആയിരുന്നു സംഭവം. തുറന്നിട്ട മുൻവാതിലിലൂടെ അകത്തേക്ക് വന്ന പ്രതി ജാനകിയുടെ മാല പൊട്ടിച്ചോടുകയായിരുന്നു. ഹെൽമറ്റ് ധരിച്ചാണ് ഇയാൾ കൃത്യം നടത്തിയത്.
ജാനകിയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിവന്നപ്പോഴേക്കും ഇയാൾ ബൈക്കിൽ കയറി രക്ഷപ്പെട്ടിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ വച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി വന്ന ബൈക്ക് തിരിച്ചറിഞ്ഞു. തുടന്നാണ് അന്വേഷണം വാർഡ് മെമ്പറിലേക്ക് എത്തിയത്. സംഭവം രണ്ട് ദിവസത്തിനകം പ്രതി പൊലീസ് പിടിയിലായി. രാജേഷിൽ നിന്നും മോഷണം പോയ മാല കണ്ടെത്തിയെന്നും ഇയാൾ കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.