കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ച് ഭാഗത്ത് അസാധാരണമാംവിധം കടൽ ഉൾവലിഞ്ഞ സംഭവം കള്ളക്കടൽ പ്രതിഭാസമെന്ന് വിലയിരുത്തൽ. ഏകദേശം 200 മീറ്ററിലധികം ദൂരത്തേക്ക് കടൽ ഉൾവലിഞ്ഞതോടെ പ്രദേശത്ത് ചെളിക്കെട്ട് രൂപം കൊണ്ടു. ബുധനാഴ്ച രാത്രി മുതലാണ് പ്രദേശവാസികളെ ആശങ്കയിലാക്കി കടൽ ഉൾവലിയാൻ തുടങ്ങിയത്.
ബുധനാഴ്ച വൈകീട്ടോടെ തന്നെ കടൽ ഉൾവലിയുന്ന പ്രതിഭാസം കണ്ടുതുടങ്ങിയിരുന്നതായി മത്സ്യത്തൊളിലാളികളും പറയുന്നു. രാത്രിയോടെ വലിയ തോതിൽ കടൽ ഉൾവലിയുകയായിരുന്നു. നിലവിൽ കടലിൽ ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പുകൾ ഒന്നും തന്നെ നിലവിലില്ല. ഇത് സ്വാഭാവിക പ്രതിഭാസമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഇന്ന് പൂലർച്ചയോടെ ഉൾവലിഞ്ഞ ഭാഗങ്ങളിൽ ചിലയിടങ്ങളിൽ തിരയടിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്. രണ്ട് മാസം മുൻപും കോഴിക്കോട് തീരത്ത് ചെറിയ തോതിൽ സമാനമായ പ്രതിഭാസം റിപ്പോർട്ട് ചെയ്തിരുന്നു. തിരയടിക്കുന്നതിന്റെ സമയത്തിലും വലിയ വ്യത്യാസമുണ്ട്. രാത്രി വൈകി പൊലീസ് എത്തി തീരത്ത് നിന്നും ആളുകളെ മാറ്റിയിരുന്നു.