പാലക്കാട്: മൂന്ന് വർഷം കഠിനാധ്വാനം ചെയ്ത് കൈകൊണ്ട് എഴുതിയ ഖുർആൻ കാലിഗ്രഫി പാലക്കാട് ആലത്തൂര്‍ സ്വദേശി ജംഷീർ വടഗിരിയാൽ വിശ്വാസവഞ്ചനയിലൂടെ വിറ്റഴിച്ചെന്ന് ആരോപിച്ച് പ്രമുഖ കലാകാരൻ മുഹമ്മദ് ദിലീഫ് പാലക്കാട് പോലീസ് സൂപ്രണ്ടിന് പരാതി നൽകി. ഖുർആൻ കൈവശപ്പെടുത്തിയ ശേഷം ജംഷീർ നാട്ടിലേക്ക് കടന്നതായി ദിലീഫ് പരാതിയിൽ പറയുന്നു.
ദുബായിലെ പ്രമുഖ കലാകാരനായ ദിലീഫിന്റെ കലാസൃഷ്ടികളിലൊന്നായ ഈ ഖുർആൻ കാലിഗ്രഫി, ലോകത്തിലെ ഏറ്റവും വലിയ കലാസൃഷ്ടിയായി ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ ശ്രദ്ധ നേടിയിരുന്നു. ഈ സൃഷ്ടി ദുബായിലെ ഉന്നത സർക്കാർ തലത്തിലുള്ളവർക്ക് കൈമാറാമെന്ന് പറഞ്ഞ് ഫിറോസ് കുന്നുംപറമ്പിലിന്റെ സുഹൃത്തും സഹായിയുമാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ജംഷീർ ദിലീഫിനെ സമീപിച്ചത്.
വാഗ്ദാനം വിശ്വസിച്ച് ദിലീഫ് തന്റെ വിലയേറിയ കലാസൃഷ്ടി ജംഷീറിനെ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ, ഈ ഖുർആൻ ബുർജ് ഖലീഫയിലെ ഒരു മലയാളി വ്യവസായിക്ക് 24 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് വിറ്റതായി ദിലീഫ് മനസ്സിലാക്കി. ഇതിലൂടെ തനിക്ക് വലിയ മാനസികാഘാതവും സാമ്പത്തിക നഷ്ടവുമാണ് ഉണ്ടായതെന്നും, ഖുർആൻ കാലിഗ്രഫി തിരികെ ലഭിക്കുന്നതിനും ജംഷീറിനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ദിലീഫ് പരാതിയിൽ ആവശ്യപ്പെട്ടു.