ടെല്‍ അവീവ്: ഗാസയിൽ സൈനിക നടപടി വ്യാപിപ്പിക്കാനുള്ള ഇസ്രായേൽ സർക്കാരിന്റെ പദ്ധതിയെ എതിർത്ത് ആയിരക്കണക്കിന് പ്രതിഷേധക്കാർ തലസ്ഥാനമായ ടെല്‍ അവീവില്‍ തെരുവിലിറങ്ങി. വെള്ളിയാഴ്ച, ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അഞ്ച് തത്വങ്ങൾ അംഗീകരിക്കുകയും ഗാസ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗാസ ഏറ്റെടുക്കലിനെതിരെ ഇസ്രായേലില്‍ നിന്നടക്കം കടുത്ത എതിര്‍പ്പാണുയരുന്നത്. ഗാസയിൽ ബന്ദികളാക്കപ്പെട്ട 50 പേരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവര്‍ പ്രതിഷേധത്തില്‍ അണിനിരന്നു. മുന്‍ സൈനികരും പ്രതിഷേധത്തില്‍ പങ്കെടുത്തു.
ഇസ്രായേല്‍ സര്‍ക്കാറിന്‍റെ നീക്കം ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്നും അവരുടെ മോചനം ഉറപ്പാക്കാൻ സർക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം, പ്രതിഷേധക്കാരുടെ വിമര്‍ശനം ഇസ്രായേൽ നേതാക്കൾ തള്ളിക്കളഞ്ഞു. പദ്ധതി ബന്ദികളെ മോചിപ്പിക്കാൻ സഹായിക്കുന്നതാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
ഗാസ കീഴടക്കാനുള്ള സൈനികപദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയും നീക്കത്തെ ന്യായീകരിച്ചും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മാധ്യമങ്ങൾക്ക് മുന്നിലെത്തി. ഹമാസിനെ പരാജയപ്പെടുത്താൻ മറ്റു മാർഗമില്ലെന്നാണ് വാദം. ഇപ്പോൾത്തന്നെ ഗാസയുടെ 75 ശതമാനത്തോളം ഇസ്രയേൽ നിയന്ത്രണത്തിലാണ്. അപ്പോഴും ഹമാസ് ശക്തികേന്ദ്രങ്ങൾ ബാക്കിയാണ്. അവിടെയാണ് ബാക്കി കൂടി പിടിക്കാൻ ഇസ്രയേൽ ഒരുങ്ങുന്നത്.
പദ്ധതി തയാറെന്നാണ് നെതന്യാഹു പറയുന്നത്. സൈനിക നടപടിക്ക് മുൻപായി സുരക്ഷാ മേഖലകൾ പ്രത്യേകം നിശ്ചയിക്കും. സിവിലിയനമാർക്കായി പ്രത്യേകം സുരക്ഷാ മേഖലകളിൽ ഭക്ഷണവും വെള്ളവും ചികിത്സയും നൽകും. വേഗത്തിൽ നടപടി പൂർത്തിയാക്കും. ഹമാസിനെ പരാജയപ്പെടുത്തും. പുതിയ സിവിലിയൻ ഭരണം കൊണ്ടു വരും. ബന്ദികളെ മോചിപ്പിക്കും. ഗാസയിൽത്തന്നെ തുടരാൻ ഉദ്ദേശമില്ലെന്നാണ് നെതന്യാഹു വിശദീകരിക്കുന്നത്.