ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ പ്രഖ്യാപനം ഇന്നുണ്ടാവും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വൈകിട്ട് മൂന്ന് മണിക്ക് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനായി നടത്തിയ ഒരുക്കങ്ങൾ, സവിശേഷതകൾ, അധിക സൌകര്യങ്ങൾ എന്നിവ സംബന്ധിച്ചും ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കും. തെരഞ്ഞെടുപ്പ് നടത്തിപ്പിനായി കേന്ദ്രസേനകളിൽ നിന്നും ഒന്നരലക്ഷത്തോളം ഉദ്യോഗസ്ഥരെ സുരക്ഷാഡ്യൂട്ടിക്കായി വിനിയോഗിക്കും.
2014-ൽ ഒൻപത് ഘട്ടമായും 2017-ൽ ഏഴ് ഘട്ടമായുമാണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടത്തിയത്. ഇക്കുറി അഞ്ച് ഘട്ടമായിട്ടാവും എല്ലാ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടക്കുക എന്നാണ് കരുതുന്നത്. ഏപ്രിൽ 11 മുതൽ മെയ് 19 വരെയായിരുന്നു കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് മെയ് 23-നായിരുന്നു ഫലപ്രഖ്യാപനം.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം എന്നീ നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, എന്നീ സംസ്ഥാനങ്ങളിൽ ഈ വർഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കേണ്ടതായിട്ടുണ്ട്. ജമ്മു കശ്മീരിലും ലഡാക്കിലും സെപ്തംബറിന് മുൻപ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവുമുണ്ട്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം
- മന്ത്രിമാർക്കും മറ്റും അധികാരം ഉപയോഗിച്ച് പദ്ധതികളോ പ്രഖ്യാപനങ്ങളോ നടത്താനാവില്ല
- പാർലമെന്ററി പദവികളിലുള്ളവർക്ക് ഉദ്ഘാടനങ്ങൾക്കും തറക്കല്ലിടലിനും വിലക്ക്. എന്നാൽ ഉദ്യോഗസ്ഥർക്ക് ഉദ്ഘാടനം നടത്താൻ തടസ്സമില്ല
- റോഡ് – കുടിവെള്ള – പദ്ധതികൾ പ്രഖ്യാപിക്കാനോ തുടങ്ങാനോ അനുവാദമില്ല
- സർക്കാർ ഗ്രാൻ്ുകളോ വിവേചന അധികാരമുള്ള ഫണ്ടുകളോ അനുവദിക്കാനാവില്ല
- സർക്കാർ പണം മുടക്കി പരസ്യം കൊടുക്കാനാവില്ല
- ഇലക്ഷൻ സർവേകൾ പുറത്തു വിടുന്നതിന് വിലക്ക്