ദോഹ: ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവികരുടെ വധശിക്ഷ ഖത്തർ ഒഴിവാക്കി. തിരുവനന്തപുരം സ്വദേശി രാഗേഷ് ഗോപകുമാർ അടക്കമുള്ളവരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്നത്. ഇവരുടെ വധശിക്ഷ ജയിൽ ശിക്ഷയായി കുറച്ചുവെന്നാണ് ദോഹയിൽ നിന്നുള്ള റിപ്പോർട്ട്. അപ്പീൽ കോടതിയിലെ വാദത്തിന് ശേഷമാണ് ആശ്വാസവിധി വന്നത്. 2022 ആഗസ്റ്റ് മുതൽ ഖത്തർ ജയിലിലാണ് ഈ നാവികർ.
കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്‌ട്, രാഗേഷ് ഗോപകുമാർ എന്നിവരെയാണ് ചാരവൃത്തി ആരോപിച്ച് 2022 ഓഗസ്റ്റിൽ ഖത്തർ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ നാവികസേനയിൽ 20 വർഷത്തോളം ഇൻസ്ട്രക്ടർമാർ ഉൾപ്പെടെയുള്ള സുപ്രധാന പദവികളിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്കാണ് ഖത്തർ കോടതി വധശിക്ഷ വിധിച്ചത്. ഇന്ത്യൻ നേവിയിൽ നിന്ന് വിരമിച്ച ശേഷം ഖത്തറിലെ ഒരു പ്രതിരോധ സേവന കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു ശിക്ഷിക്കപ്പെട്ട എട്ട് ഉദ്യോഗസ്ഥരും.
എട്ടുപേരെയും ഒരു വർഷത്തോളം തടവിലിട്ട ശേഷമാണ് ഖത്തർ കോടതി ഒക്ടോബർ 26ന് വധശിക്ഷ വിധിച്ചത്. പലതവണ ഇവർ കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും അതെല്ലാം റദ്ദാക്കപ്പെട്ടു. നാവികർ ജയിലിലായപ്പോൾ മുതൽ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നയതന്ത്രതലത്തിൽ ഖത്തറുമായി ചർച്ചകൾ ആരംഭിച്ചിരുന്നു. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.