തന്റെ പേരില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന അപകടവാര്‍ത്തകളില്‍ പ്രതികരണവുമായി മിമിക്രി താരം തങ്കച്ചന്‍ വിതുര. ഇപ്പോള്‍ പ്രചരിക്കുന്നത് ഒരാഴ്ച മുമ്പ് നടന്ന അപകടത്തിന്റെ വാര്‍ത്തയാണെന്ന് താരം ഫേസ്ബുക്കില്‍ പറഞ്ഞു. തനിക്കിപ്പോള്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും തങ്കച്ചന്‍ വ്യക്തമാക്കി.
‘എന്റെ പേരില്‍ ഇപ്പോള്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന വാര്‍ത്ത ഒരാഴ്ച മുന്നെ നടന്ന ചെറിയൊരു അപകടമാണ്. എനിക്ക് ഇപ്പോള്‍ പറയത്തക്ക പ്രശ്‌നങ്ങള്‍ ഒന്നുമില്ല. സ്‌നേഹത്തോടെ തങ്കച്ചന്‍,’ തങ്കച്ചന്‍ ഫെസ്ബുക്കില്‍ കുറിച്ചു.
കാറും ജെസിബിയും തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ തങ്കച്ചന് ഗുരുതരമായി പരിക്കേറ്റെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. നെഞ്ചിനും കഴുത്തിനും ഗുരുതര പരുക്കേറ്റ തങ്കച്ചന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പ്രചരിച്ചിരുന്നു. ഇതോടെയാണ് വിശദീകരണവുമായി താരം രംഗത്ത് എത്തിയത്.