യുവമോർച്ച നേതാവിനെതിരെ ഭീഷണി മുഴക്കിയ സിപിഎം നേതാവ് പി.ജയരാജന് മറുപടിയുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർയുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണ് വീണാൽ ഒരു വരവ് കൂടി വരേണ്ടി വരും എന്നാണ് സന്ദീപ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഇതിനോടൊപ്പം ഒരു ഓണപ്പൂക്കളത്തിൻ്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 1999-ലെ തിരുവോണ നാളിലാണ് പി.ജയരാജനെതിരെ വധശ്രമമുണ്ടായതും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതും.
സ്പീക്കർ എ.എൻ ഷംസീറിനെതിരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിൽ ആയിരിക്കുമെന്നാണ് പി ജയരാജൻ പറഞ്ഞത്. ജോസഫ് മാഷിന്റെ കൈവെട്ടിയതുമായി ബന്ധപ്പെടുത്തി യുവമോർച്ച നേതാവ് ഗണേഷൻ ഷംസീറിനെതിരെ നടത്തിയ പരാമർശത്തിന് മറുപടിയായിട്ടായിരുന്നു പി ജയരാജന്റെ മറുപടി.
സേവ് മണിപ്പൂർ എന്ന മുദ്രാവാക്യമുയർത്തിയാണ് നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് എൽ.ഡി.എഫ് നടത്തുന്ന ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ എൻ ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്ന വ്യാമോഹം വേണ്ടെന്നും ജയരാജൻ പറഞ്ഞു.
ജൂലൈ 21 നടത്തിയ പരിപാടിയിലെ പരാമർശങ്ങളാണ് വിവാദമായത്. ശാസ്ത്ര ശാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഷംസീർ പറഞ്ഞിരുന്നു. വന്ധ്യതാ ചികിത്സയും വിമാനവും പ്ലാസ്റ്റിക് സർജറിയുമെല്ലാം ഹിന്ദുത്വ കാലം മുതൽക്കേ ഉണ്ടെന്ന് സ്ഥാപിക്കുകയാണ് ഇവർ ചെയ്യുന്നതെന്നും വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് താൻ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്‌സ് എന്ന് ആണെന്നും ജയരാജൻ പറഞ്ഞു.
ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം ഷംസീറിന്റെ എംഎൽഎ ക്യാംപ് ഓഫീസിലെക്ക് യുവമോർച്ച മാർച്ച് നടത്തിയത് മാർച്ച് ഉദ്ഘാടനം ചെയ്ത യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ് ഷംസീറിനെതിരെ നടത്തിയ പ്രസംഗത്തിന് മറുപടി നൽകുകയായിരുന്നു ജയരാജൻ.
ഗണപതിയെ അപമാനിച്ചതിൽ മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ ഷംസീറിനെ തെരുവിൽ നേരിടുമെന്നായിരുന്നു ഗണേഷിന്റെ പരാമർശം. കോളേജ് അധ്യാപകനായിരുന്ന ജോസഫ് മാഷിന്റെ കൈ വെട്ടിയത് പോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും, എല്ലാ കാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നു കൊള്ളണമെന്ന് ഇല്ലെന്നും കെ ഗണേഷ് പറഞ്ഞിരുന്നു.