ന്യൂഡൽഹി: 2000 രൂപ നോട്ട് പിൻവലിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. സെപ്തംബർ 30-നകം ആളുകൾക്ക് അവ മാറ്റിയെടുക്കാമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) രാജ്യത്തെ 19 റീജിയണൽ ഓഫീസുകളിൽ മെയ് 23 മുതൽ 2000 രൂപ നോട്ടുകൾ മാറ്റി വാങ്ങാൻ തുടങ്ങും. സെപ്തംബർ 30 വരെ നോട്ടുകൾക്ക് ലീഗൽ വാലിഡിറ്റി (വിനിമയ മൂല്യം) ഉണ്ടായിരിക്കുമെന്നും അതിനു ശേഷം അവ സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിക്കാൻ പറ്റില്ലെന്നും ആർബിഐ വ്യക്തമാക്കുന്നു.
2016 നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയർന്ന മൂല്യമുള്ള 1,000 രൂപയുടെയും 500 രൂപയുടെയും നോട്ടുകൾ അസാധുവാക്കിയതിന് ശേഷമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ട് അച്ചടിക്കാൻ തുടങ്ങിയത്. നോട്ട് നിരോധനത്തിന് പിന്നാലെയാണ് പുതിയ രണ്ടായിരം, അഞ്ഞൂറ് രൂപ നോട്ടുകൾ ആർബിഐ വിപണിയിൽ എത്തിച്ചത്. ചില്ലറ കിട്ടാനുള്ള ബുദ്ധിമുട്ട് കാരണം പൊതുജനങ്ങൾ ആദ്യഘട്ടം മുതൽ തന്നെ രണ്ടായിരം രൂപ നോട്ടുകളോട് വലിയ താത്പര്യം കാണിച്ചിരുന്നില്ല.
നോട്ട് നിരോധനത്തിന് പിന്നാലെ എല്ലാ തുകകളിലും പുതിയ കറൻസികൾ ആർബിഐ പുറത്തിറക്കിയിരുന്നു. കൂടുതൽ നോട്ടുകൾ വിപണിയിലെത്തിയതോടെ ആർബിഐ 2000 രൂപ നോട്ടുകളുടെ അച്ചടി പതിയെ കുറയ്ക്കുകയും പിന്നീട് അവസാനിപ്പിക്കുകയും ചെയ്തു. രണ്ടായിരം രൂപ നോട്ടുകൾ പിൻവലിച്ചേക്കുമെന്ന അഭ്യൂഹം കഴിഞ്ഞ കുറച്ചു കാലമായി ശക്തമായിരുന്നു. 2019-ന് ശേഷം ആർബിഐ രണ്ടായിരം രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
നോട്ട് നിരോധനത്തിന് പിന്നാലെ അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അടക്കമുള്ള നേതാക്കൾ രണ്ടായിരം രൂപ നോട്ടിനെതിരെ രംഗത്ത് വന്നിരുന്നു. കള്ളപ്പണം തടയുക, ഡിജിറ്റൽ ഇടപാടുകൾ പ്രൊത്സാഹിപ്പിക്കുക എന്ന ലക്ഷ്യങ്ങൾക്ക് രണ്ടായിരം രൂപ നോട്ട് ഗുണം ചെയ്യില്ലെന്നും അഞ്ഞൂറ് രൂപയിൽ കൂടുതൽ മൂല്യമുള്ള നോട്ടുകൾ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം രണ്ടായിരം രൂപ നോട്ട് പിൻവലിക്കുമ്പോൾ പകരം ആയിരം രൂപ നോട്ട് തിരിച്ചെത്തുമോ എന്ന ആകാംക്ഷയും ശക്തമാണ്.