സൗദി അറേബ്യയില്‍ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അബഹക്ക് സമീപം ചുരത്തിൽ മറിഞ്ഞ് തീപിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ രണ്ട് ഇന്ത്യക്കാരും. അപകടത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. 26 പേരാണ് പരിക്കുകളോടെ ചികിത്സയിലുള്ളത്.
മുഹമ്മദ് ബിലാൽ, റാസാ ഖാൻ എന്നീ ഇന്ത്യൻ പൗരന്മാരാണ് പരിക്കേറ്റവരുടെ കൂട്ടത്തിലുള്ളത്. രണ്ടു ആശുപത്രികളിലായി കഴിയുന്ന ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. എന്നാല്‍ ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല. യാത്രക്കാരായി ആകെയുണ്ടായിരുന്നത് 47 പേരായിരുന്നു. രണ്ട് ഇന്ത്യാക്കാരും അഞ്ച് യമനികളും രണ്ട് സുഡാൻ പൗരന്മാരും ഓരോ ഈജിപ്ഷ്യൻ, പാകിസ്താൻ പൗരന്മാരും ഒഴികെ ബാക്കിയെല്ലാവരും ബംഗ്ലാദേശുകാരാണ്.
ജിദ്ദ റൂട്ടിൽ അബഹക്കും മഹായിലിനും ഇടയൽ ഷഹാർ അൽറാബത് എന്ന ചുരത്തിലാണ് തിങ്കളാഴ്ച വൈകീട്ട് ബസ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡിന്റെ കൈവരി തകർത്ത് കുഴിയിലേക്ക് മറിഞ്ഞ് തീപിടിച്ച് കത്തിയമരുകയായിരുന്നു. അബഹയിൽ ഏഷ്യക്കാർ നടത്തുന്ന ‘ബറക്ക’ എന്ന ഉംറ ഏജൻസിക്ക് കീഴിൽ തീർഥാടനത്തിന് പുറപ്പെട്ടവരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവർ മഹായിൽ ജനറൽ ആശുപത്രി, അബഹയിലെ അസീർ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, സൗദി ജർമൻ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്.