യുഎഇയുടെ ദേശീയ റെയിൽവേ ശൃംഖല ഇത്തിഹാദ് റെയിലിൻ്റെ നിർമാണം പൂർത്തിയായി. പാതയിലൂടെ ചരക്ക് തീവണ്ടി സർവീസിനും തുടക്കം കുറിച്ചു. എമിറേറ്റ്സുകളിൽ ഉടനീളം കാർഗോ ട്രെയിൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തുമാണ് റെയിൽ ശൃംഖലയുടെ ഉദ്ഘാടനം നിർവഹിച്ചത്. കിരീടാവകാശി ഷെയ്ഖ് ഹംദാനും ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിച്ചു. ഇത്തിഹാദ് റെയിലിൽ യാത്രചെയ്ത ദുബായ് ഭരണാധികാരികളുടെ ചിത്രവും പുറത്തുവന്നു.
യുഎഇയുടെ ദേശീയ റെയിൽ ശൃംഖല ഔദ്യോഗികമായി നിലവിൽ വന്നതായി പ്രഖ്യാപിച്ച ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തും ഇത്തിഹാദ് റെയിലിൻ്റെ ഉദ്ഘാടനം നിർവഹിച്ചതായി ട്വിറ്ററിലൂടെ അറിയിച്ചു.
بحمدالله أطلقت دولة الإمارات اليوم بنجاح شبكة السكك الحديدية الوطنية .. تربط 4 موانيء رئيسية في الدولة و7 مناطق لوجستية وتنقل 60 مليون طن من البضائع سنوياً .. شبكة قطاراتنا تعزز إقتصادنا .. وترسخ وحدة أراضينا.. وتنقلنا معاً لمستقبل أفضل بإذن الله pic.twitter.com/KkNWn11IYv
— HH Sheikh Mohammed (@HHShkMohd) February 23, 2023
അബുദാബി മുതൽ ഫുജൈറ വരെ 900 കിലോമീറ്റർ നീളത്തിലാണ് ഇത്തിഹാദ് റെയിൽപാത നിർമിച്ചിരിക്കുന്നത്. യുഎഇയിലെ നാല് സുപ്രധാന തുറമുഖങ്ങളെയും, ഏഴ് ചരക്കുഗതാഗത മേഖലകളെയും ബന്ധിപ്പിക്കുന്നതാണ് ഈ റെയിൽ ശൃംഖല. ചടങ്ങിന്റെ പ്രധാന ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. മുഴുവൻ യുഎഇ എമിറേറ്റുകളിലൂടെയും ഇത്തിഹാദ് റെയിൽ കടന്നുപോകുന്നുണ്ട്. വർഷം 60 ദശലക്ഷം ടൺ ചരക്കുകൾ ഈ റെയിൽ ശൃംഖലയിലൂടെ കൈകാര്യം ചെയ്യാനാകുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. 36.5 ദശലക്ഷം യാത്രക്കാരെ കൊണ്ട്‌പോകാനും റെയിൽവേക്ക് ശേഷിയുണ്ടാകും. ചരക്ക് തീവണ്ടികൾക്ക് 38 ലോക്കോമോട്ടീവുകളും എല്ലാത്തരം ചരക്കുകളും കൊണ്ടുപോകാൻ ശേഷിയുള്ള 1,000-ലധികം വാഗണുകളുമാണ് പ്രവർത്തിക്കുന്നത്. അബുദാബിയിൽ നിന്ന് ദുബായിലേക്ക് അമ്പത് മിനിറ്റ് കൊണ്ടും ഫുജൈറയിലേക്ക് നൂറുമിനിറ്റ് കൊണ്ടും തീവണ്ടിയിൽ എത്തിച്ചേരാനാകും. ഇത്തിഹാദ് റെയിൽവേയുടെ പാസഞ്ചർ സർവീസ് 2030 ൽ ആരംഭിക്കുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരിക്കുന്നത്.
മേഖലയിലെ ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളിലൊന്നായ യുഎഇ ദേശീയ റെയിൽവേ ശൃംഖലയുടെ പ്രധാന ലൈൻ സൗദി അറേബ്യയുടെ അതിർത്തിയിലുള്ള ഘുവീഫാത്ത് മുതൽ ഫുജൈറ വരെ നീളുന്നു. 593 പാലങ്ങളുടെയും ക്രോസിംഗുകളുടെയും നിർമ്മാണവും 6.5 കിലോമീറ്റർ നീളമുള്ള ഒമ്പത് തുരങ്കങ്ങളും ഉൾപ്പെടെ നിരവധി ഭൂമിശാസ്ത്രപരമായ ഭൂപ്രദേശങ്ങളിലൂടെ ഇത് കടന്നുപോകുന്നു. 120 ദശലക്ഷം ക്യുബിക് മീറ്റർ ഖനനം പൂർത്തിയാക്കാൻ വേണ്ടിവന്നു. രാജ്യത്തെ നാല് പ്രധാന തുറമുഖങ്ങളെയും ഏഴ് ലോജിസ്റ്റിക് മേഖലകളെയും ബന്ധിപ്പിക്കുന്ന ഇതിന് പ്രതിവർഷം 60 ദശലക്ഷം ടൺ ചരക്ക് കൊണ്ടുപോകാൻ കഴിയുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 200 ബില്യൺ ദിർഹം മൂല്യമുള്ള ദേശീയ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിന് ഈ ശൃംഖല സംഭാവന ചെയ്യും. റോഡ് മെയിന്റനൻസ് ചെലവിൽ 8 ബില്യൺ ദിർഹം ലാഭിക്കാൻ ഇത് സഹായിക്കും. ശൃംഖലയുടെ ടൂറിസം നേട്ടങ്ങൾ 23 ബില്യൺ ദിർഹമാണ്.