പാകിസ്ഥാനിൽ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി തുർക്കി പാകിസ്ഥാനിലേക്കയച്ച സാമഗ്രികൾ തുർക്കിയ്ക്ക് സഹായമായി തിരിച്ചയച്ച് പാകിസ്ഥാൻ. കഴിഞ്ഞ വർഷം പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി തുർക്കി അയച്ച ദുരിതാശ്വാസ സാമഗ്രികളാണ് ഭൂകമ്പമുണ്ടായതിനു പിന്നാലെ തുർക്കിയിലേക്കുതന്നെ പാകിസ്ഥാൻ രൂപം മാറ്റി അയച്ചത്.
പാകിസ്ഥാനിലെ പ്രമുഖ ചാനലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സി–130 വിമാനത്തിൽ ദുരിതാശ്വാസ സാമഗ്രികളും രക്ഷാദൗത്യ സംഘത്തെയും പാകിസ്ഥാൻ തുർക്കിയിലേക്കയച്ചു. എന്നാൽ തുർക്കി അയച്ച അതേ ദുരിതാശ്വാസ സഹായമാണ് പാകിസ്ഥാൻ വീണ്ടും പായ്ക്ക് ചെയ്ത് തിരിച്ചയച്ചതെന്ന് ചാനൽ വ്യക്തമാക്കി.
അതേസമയം പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഭൂകമ്പ ബാധിത തുർക്കിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാ ദൗത്യവും നേരിട്ട് വിലയിരുത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ ഇത്തരമൊരു ആരോപണം പാകിസ്ഥാന് നാണക്കേടാണുണ്ടാക്കിയത്.